യുഎഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം; നാലു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലേക്ക് പോകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലേക്ക് പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സന്ദർശനം. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും അദ്ദേഹ പങ്കെടുക്കുമെന്നാണ് വിവരം.

മെയ് 7 നാണ് മുഖ്യമന്ത്രി അബുദാബിയിൽ എത്തുക. വ്യവസായ മന്ത്രി പി രാജീവ്, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരുൾപ്പെടെ ഒമ്പതംഗ സംഘം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ മെയ് എട്ടു മുതൽ പത്തു വരെയുള്ള തീയതികളിലായാണ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നടക്കുന്നത്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ യുഎഇയിലേക്ക് ക്ഷണിച്ചതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തിയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംസാരിക്കും. ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. മെയ് 10 നാണ് ദുബായിലെ സ്വീകരണ പരിപാടി.