പഞ്ചാബ് കിംഗ്സിനെ പൂട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

ഐപിഎല്ലില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 14ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഹൈദരാബാദിനായി രാഹുല്‍ ത്രിപാഠി അര്‍ദ്ധ സെഞ്ച്വറി. 48 പന്തില്‍ 74 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്‌ബോള്‍ മറ്റേ അറ്റത്ത് നായകന്‍ ശിഖര്‍ ധവാന്‍ പാറപോലെ നിലകൊണ്ടു. ധവാന്‍ 66 പന്തില്‍ അഞ്ച് സിക്സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി പഞ്ചാബ് കിംഗ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ധവാനെ കൂടാതെ സാം കറന് മാത്രമേ ഇരട്ട സംഖ്യ തൊടാന്‍ കഴിഞ്ഞുള്ളൂ. സാം കരണ്‍ 22 റണ്‍സ് നേടി. മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡേ നാലും ഉമ്രാന്‍ മാലിക്കും മാര്‍ക്കോ ജാന്‍സനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 17.1 ഓവറില്‍ രണ്ട് വിക്കറ്റിന് 145 റണ്‍സ് നേടി. സണ്‍റൈസേഴ്‌സിനായി രാഹുല്‍ ത്രിപാഠി അര്‍ധസെഞ്ചുറി നേടി. 48 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 21 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ത്രിപാഠിയും മാര്‍ക്രവും സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ടു. മായങ്ക് അഗര്‍വാള്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 14 പന്തില്‍ 13 റണ്‍സെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.