ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വേദനയുണ്ടാക്കി; വൈകാരിക പ്രതികരണവുമായി എ കെ ആന്റണി

തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എ കെ ആന്റണി. ബിജെപിയിൽ ചേരാനുള്ള മകൻ അനിൽ ആന്റണിയുടെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമായി പോയി ഇതെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യാരാജ്യത്തിന്റെ ഐക്യം, അതിന്റെ ആണിക്കല്ലെന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് ശേഷം നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുർച്ചയായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമെന്താണ്, രാജ്യം ദുർബലമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അൽപം സാവകാശത്തിലാണ് കാര്യങ്ങൾ ചെയ്തത്. 2019 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, രാജ്യംനാനാത്വത്തിൽ ഏകത്വത്തിന് പകരം, ഏകത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ജാതി -മത- വർണ ഭേദമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തിൽ ഇന്ധിരാഗാന്ധിയുമായി താൻ അകന്നുവെങ്കിലും പിന്നീട് തിരിച്ച് വന്ന ശേഷം മുൻപില്ലാത്ത രീതിയിൽ ആദരവും സ്നേഹവുമാണ് അവരോടുണ്ടായിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ആ കുടുംബമാണ്. അതിനാൽ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. എന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നത്. 82 വയസായ താൻ ഇനിയെത്രകാലമുണ്ടാകുമെന്നറിയില്ല. ദീർഘായുസെനിക്ക് താൽപര്യവുമില്ല. എത്രനാൾ താൻ ജീവിച്ചാലും താൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായാകുമെന്നെനിക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അവസാനശ്വാസം വരെയും താൻ ബിജെപിയുടെയും ആർഎസ്എസിന്റേയും തെറ്റായ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തും. അതിൽ യാതൊരു സംശയവുമില്ല. എന്റെ അവസാന ശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ താനിനി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.