നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ തനിക്കും വേണ്ട; കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ വൈകാരിക പ്രസംഗവുമായി കെ സുധാകരൻ

തിരുവനന്തപുരം: പുന:സംഘടന സംബന്ധിച്ച് വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ തനിക്കും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എക്സിക്യൂട്ടീവ് യോഗത്തിൽ കൈ കൂപ്പി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പാർട്ടിയിൽ എന്നും പ്രശ്‌നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്നാണ് യോഗത്തിൽ അൻവർ സാദത് അഭിപ്രായപ്പെട്ടത്. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്നായിരുന്നു പി ജെ കുര്യൻ വ്യക്തമാക്കിയത്.

എത്ര സ്വാധീനമുള്ള ആളാണെങ്കിലും തരൂരിന് സംഘടനാപരമായ അച്ചടക്കം അറിയില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശശി തരൂരിനെ വിളിച്ച് സംസാരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്നായിരുന്നു ജോൺസൺ എബ്രഹാമിന്റെ വിമർശനം.