ട്രെയിന്‍ ആക്രമണം: എന്‍ ഐ എ സംഘം കണ്ണൂരില്‍

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ എന്‍ ഐ എ സംഘം കണ്ണൂരിലെത്തി. ആര്‍ പി എഫ് ദക്ഷിണ മേഖലാ ഐജി ഈശ്വര്‍ റാവുവും കണ്ണൂരിലെത്തി.

അതേസമയം, പ്രതിയെന്ന് കരുതുന്ന ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്തുകയാണ് ലക്ഷ്യത്തോടെ വിമാനമാര്‍ഗം റെയില്‍വേ പൊലീസ് ഉത്തര്‍പ്രദേശിലെത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയേക്കും. അക്രമിയുടെ ഫോണിനെ പറ്റിയുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനകളുണ്ട്. ഫോണ്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് ഉച്ചയ്ക്ക് 12.15 ഓടെ സ്വിച്ച് ഓഫ് ആയെന്നാണ് കണ്ടെത്തല്‍.

എ ഡി ജി പി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ ഡി ജി പി അറിയിച്ചു.