ശ്രീനഗർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ട്രെയിൻ ഓടിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കമുള്ളവ ഉടൻ ഓടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാരീസിലെ ഈഫൽ ടവറിനെക്കാൾ ഉയരമുള്ള പാലമാണിത്. പാലത്തിൽ പാളങ്ങൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്്. ചെനാബ് പാലം നിർമ്മിച്ചിരിക്കുന്നത് നദിയിൽ നിന്ന് 359 മീറ്റർ (1178 ഫീറ്റ്) ഉയരത്തിലാണ്.
ഉധംപുർ-ശ്രീനഗർ-ബാരാമുള (യു.എസ്.ബി.ആർ.എൽ.) റെയിൽ ലിങ്ക് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കാൻ വന്ദേ മെട്രോ വഴി സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതി ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ പൂർത്തിയാകും. വന്ദേഭാരത് ട്രെയിനുകൾ പാത തയ്യാറാവുന്ന മുറയ്ക്ക് സർവ്വീസ് ആരംഭിക്കുമെന്നും അവയുടെ അറ്റകുറ്റപ്പണികൾക്കായി ബദ്ഗാമിൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെനാബ് നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരമുള്ള പാലം തയ്യാറാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം എന്ന റെക്കോഡ് ഇന്ത്യയെ തേടിയെത്തും. ജമ്മു കശ്മീരിലെ കത്ര മുതൽ ബനിഹാൾ വരെയുള്ള 111 കിലോമീറ്റർ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് 1.3 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം. 1486 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പാലത്തിന് 266 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും ശക്തിയേറിയ ഭൂകമ്പങ്ങളും ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ് റെയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

