രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം; സുപ്രീം കോടതിയിൽ റിട്ട് ഹർജി

ന്യൂഡൽഹി: രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്നും ദർശനത്തിനായി സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാമസേതു ദർശനത്തിനായി ‘കടലിൽ’ കിലോമീറ്ററുകൾ വരെ തിട്ട നിർമിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ലഖ്നൗ ആസ്ഥാനമായുള്ള അഭിഭാഷകൻ അശോക് പാണ്ഡെ മുഖേനയാണ് ഈ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജിയാണ് കോടതിയിൽ സമർപ്പിച്ചത്.

ഹിന്ദുക്കൾക്ക് രാമസേതു എത്രത്തോളം പ്രധാനമാണെന്ന് ഹർജിയിൽ പറയുന്നു. രാമായണം, സ്‌കന്ദപുരാണം, അഗ്‌നിപുരാണം, വിഷ്ണുപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ രാമസേതുവിൽ കുളിക്കുന്നതിന്റെ പ്രാധാന്യം വിശദമായി വിശദീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. രാമസേതുവിൽ മതിൽ കെട്ടി കോടിക്കണക്കിന് ജനങ്ങളുടെ ആഗ്രഹം സഫലമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെ 4 മുതൽ 40 അടി വരെ വെള്ളമുള്ളതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനം സാധ്യമാണ്. ഇവിടെ മതിൽ പണിയുന്നതോടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് ധനുഷ്‌കോടിയിൽ ശ്രീരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ച പാലം സന്ദർശിക്കാൻ കഴിയുമെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.