കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് അധികൃതര്‍ക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പ് കണ്ണൂര്‍ യൂണിറ്റിന്റെ ടി.ഡി.എസ് വിഭാഗമാണ് മാര്‍ച്ച് 27നകം മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയത്.
റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകള്‍ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ നികുതി അടക്കുന്നതമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ അന്ന് കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈദേകം റിസോര്‍ട്ടില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരികള്‍ വില്‍ക്കാന്‍ ഇവര്‍ നീക്കം തുടങ്ങിയിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ വിജിലന്‍സും റിസോര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

