ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ജനം നിരാകരിച്ചയാളാണ് വിദേശത്തു പോയിരുന്ന് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന പ്രസ്താവന നടത്തിയതെന്ന് നദ്ദ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പോരാടാൻ പോലും സാധിക്കാത്തയാളാണ് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ ബിജെപിയുടെ ‘വിജയ സങ്കൽപ യാത്ര’യിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.
രാജ്യത്തെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണം. വിദേശമണ്ണിൽ ഇന്ത്യയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിലൂടെ, രാഹുൽ ഗാന്ധി ഇന്ത്യയുടെ പരമാധികാരത്തിനാണ് ഭീഷണി ഉയർത്തിയത്. കോൺഗ്രസും പാർട്ടി നേതാക്കളും മാനസികമായി പാപ്പരായ നിലയിലാണ്. അവരെ വീട്ടിലിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മുൻനിര രാജ്യങ്ങളിലൊന്നാണ്. 014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നമ്മുടെ രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ച അവസ്ഥയിലായിരുന്നു. അന്ന് 2ജി, 3ജി, കോമൺവെൽത്ത് തുടങ്ങി ഒട്ടേറെ അഴിമതിക്കഥകളാണ് അന്ന് നാം കേട്ടിരുന്നത്. എന്നാൽ, ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

