കേന്ദ്ര സർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണ്; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നു. ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവർഷം നീണ്ട ഐതിഹാസികമായ കർഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളർന്നുവരുന്ന കർഷക-തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്ർ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്നതാണ് മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വിളകൾക്ക് ന്യായമായ വില നിശ്ചയിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ഉള്ളിയടക്കമുള്ള വിളകൾക്ക് സബ്‌സിഡി ഏർപ്പെടുത്തുക തുടങ്ങി 17 ഓളം ആവശ്യങ്ങളുയർത്തി ഇക്കഴിഞ്ഞ മാർച്ച് 13 ന് നാസിക്കിൽ നിന്നാരംഭിച്ച ലോങ്ങ് മാർച്ച് വലിയ പങ്കാളിത്തത്തോടെ മുംബൈ നഗരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. 15000ത്തോളം കർഷകർ അണിനിരന്ന ഈ മുന്നേറ്റത്തിന് ലഭിച്ച പിന്തുണ കണ്ട മഹാരാഷ്ട്ര സർക്കാർ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു.

നവലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിത്. കർഷക-തൊഴിലാളി വർഗ്ഗമുന്നണി വിജയം നേടുക തന്നെ ചെയ്യും. കിസാൻ ലോങ്ങ് മാർച്ച് വിജയമാകാൻ പ്രയത്‌നിച്ച കിസാൻ സഭയ്ക്കും, കർഷകർക്കും, എല്ലാ സഖാക്കൾക്കും വിപ്ലവാഭിവാദ്യങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.