സോൾ: ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തി ഉത്തര കൊറിയ. രാജ്യത്തെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നിരീക്ഷിക്കാൻ മകളുമൊത്താണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോഗ് ഉൻ എത്തിയത്. ഈ വർഷം ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. രണ്ടാമത്തെ മകളായ ജു ഏ ഈ ആണ് വിക്ഷേപണ സമയത്ത് കൂടെയുണ്ടായിരുന്നത് എന്നാണ് വിവരം.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾക്ക് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോൺസ്റ്റർ മിസൈലെന്ന് വിളിക്കുന്ന ഹ്വാസോംഗ് 17ന്റെ വിക്ഷേപണമാണ് ഉത്തരകൊറിയ നടത്തിയത്.
മിസൈൽആകാശത്തിലേയ്ക്ക് ഉയർന്ന് വിജയകരമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ എടുത്ത ഭൂമിയുടെ ചിത്രങ്ങളും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

