ഇനി മത്സരിക്കാനില്ല; നേതൃത്വം തന്നെ ബോധപൂര്‍വം അപമാനിക്കുന്നുവെന്നും കെ. മുരളീധരന്‍

ന്യൂഡല്‍ഹി: തന്നെ ബോധപൂര്‍വം അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയതെന്ന് കെ മുരളീധരന്‍ എംപി വിമര്‍ശിച്ചു. ‘ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല. എന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നല്‍കും മുന്‍പ് എന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് എന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരസ്യ വിമര്‍ശനത്തില്‍ കെ പി സി സി നേതൃത്വം എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നേരത്തെ നല്‍കിയിരുന്നു. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നുമായിരുന്നു എം കെ രാഘവന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കെ സുധാകരന്‍ ചൂണ്ടിക്കാട്ടിയത്.