വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; വിചാരണ ആരംഭിച്ചു, ഏകപ്രതി കാർ ഡ്രൈവർ അർജുൻ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ കേസിൽ വിചാരണ ആരംഭിച്ചു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ വിദ്യാധരൻ മുൻപാകെയാണ് സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്.

പൊലീസിൽ വിവരമറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിക്കുകയും എഫ്ഐആറും പ്രഥമ വിവര മൊഴിയും രേഖകളിലാക്കി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. രണ്ടാം സാക്ഷി മാർച്ച് 14 നും മൂന്നാം സാക്ഷി മാർച്ച് 17നും ഹാജരാകണം എന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. കാർ ഡ്രൈവർ അർജുൻ കെ നാരായണൻ ആണ് നിലവിലെ ഏക പ്രതി.

ഉപേക്ഷാപൂർവ്വമായി വാഹനം ഓടിച്ച് മരണം സംഭവിപ്പിച്ചുവെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304(എ) വകുപ്പ് പ്രകാരമുള്ള കുറ്റമാണ് അർജുനെതിരെ കോടതി ചുമത്തിയിട്ടുള്ളത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പ്രതി അറിയിച്ചത്. കേസിലെ കൊലപാതക സാധ്യതകളും കോടതി തള്ളി.