ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; എഫ് ഐ ആര്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്. പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി അംഗീകരിച്ചു. ദൈവത്തിന് നന്ദിയുണ്ടെന്ന് ആന്റണി രാജു പ്രതികരിച്ചു. യു ഡി എഫ് ഭരണകാലത്ത് രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി, കൃത്രിമം നടത്തി കേസ് അട്ടിമറിച്ചുവെന്ന ആരോപണമായിരുന്നു ആന്റണി രാജുവിന് എതിരേയുള്ളത്. പോലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിയമപരമായ തടസ്സങ്ങളും സാങ്കേതിക പിഴവുകളും നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് യാതൊരു തടസവുമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഓസ്‌ട്രേലിയക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലാകുന്നത്. സെഷന്‍സ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസില്‍ അറസ്റ്റിലായതോടെയാണ് തൊണ്ടിമുതല്‍ മാറ്റിയ വിവരം പുറത്തുവരുന്നത്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനും ചേര്‍ന്ന് അടിവസ്ത്രം അവിടെ നിന്ന് മാറ്റി, മറ്റൊരെണ്ണം തെളിവായി കൊണ്ടുവന്നുവെന്നായിരുന്നു കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്‍ കൃത്രിമം കാണിക്കുകയും, തൊണ്ടിമുതല്‍ മാറ്റുകയും ചെയ്തെന്ന് കാണിച്ച് നേരത്തെ വലിയതുറ പൊലീസ് കേസെടുക്കുകയും നെയ്യാറ്റിന്‍കര കോടതിയിലേക്ക് പോകുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.