ആധാരങ്ങൾ മുദ്രവില കുറച്ചു രജിസ്റ്റർ ചെയ്തവർ കുടിശികത്തുക ഉടൻ അടയ്ക്കണം; ഇല്ലെങ്കിൽ റവന്യു റിക്കവറി നടപടികൾ ആരംഭിക്കും

തിരുവനന്തപുരം: ആധാരങ്ങൾ മുദ്രവില കുറച്ചു രജിസ്റ്റർ ചെയ്തവർ കുടിശികത്തുക ഉടൻ അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികൾ ആരംഭിക്കും. അടുത്ത മാസം ഒന്നു മുതലാണ് റവന്യു റിക്കവറി നടപടികൾ ആരംഭിക്കുന്നത്.

ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റവന്യു റിക്കവറി നടപടി. 1986 ജനുവരി ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ആധാരങ്ങൾ വില കുറച്ചാണ് രജിസ്റ്റർ ചെയ്തതെങ്കിൽ കുടിശിക അടച്ചു മറ്റു നടപടികളിൽ നിന്ന് ഒഴിവാകാം. രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കും. കുറച്ചു കാണിച്ച മുദ്രവിലയുടെ 30% അടച്ചാൽ മതി.

www.keralaregistration.gov.in/pearlpublic എന്ന വെബ്സൈറ്റ് ലിങ്കിൽ പരിശോധിച്ചാൽ വില കുറച്ചുകാണിച്ചാണോ ആധാരം രജിസ്റ്റർ ചെയ്തത് എന്നറിയാൻ കഴിയും. ഓരോ വർഷവും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടയ്ക്കാൻ നേരത്തെ അവസരം നൽകിയിരുന്നു.

രജിസ്ട്രേഷൻ വകുപ്പ് ശുപാർശ ചെയ്തിരുന്നത് അടുത്ത വർഷവും ഈ അവസരം നൽകണമെന്നായിരുന്നു. എന്നാൽ, ധനവകുപ്പ് ഇതു വെട്ടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു പരമാവധി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി മാർച്ച് 31ന് അവസാനിപ്പിക്കും.

കുടിശികയുള്ള അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതിനാൽ അടുത്ത വർഷം മുതൽ ബദൽ മാർഗം സ്വീകരിക്കുമെന്നായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.