തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 22) പുറത്തു വന്ന ഒമ്പതു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതിൽ ഉൾപ്പെടും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് സാംപിൾ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലം നാളെ (ജൂലൈ 23) പുലർച്ചെയോടെ ലഭിക്കും.
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 194 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങൾ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാർജ് ചെയ്യും. ഇവർ പ്രോട്ടോകോൾ പ്രകാരമുള്ള ഐസൊലേഷനിൽ തുടരണം.
2023 കണ്ടെത്തിയ നിപ വൈറസിന്റെ വകഭേദം തന്നെയാണ് ഇവിടെ നിന്നും കണ്ടെത്തിയ വൈറസും എന്ന കാര്യം തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 22) 6642 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 3702 വീടുകളും ആനക്കയത്ത് 2940 വീടുകളും സന്ദർശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പാണ്ടിക്കാട്ടെ നാലു കേസുകൾ മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദർശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ ക്ലാസ് പി.ടി.എ ചേർന്നിരുന്നു. കുട്ടികൾക്ക് കൗൺസലിങ് ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ നൽകും. അധ്യാപകർക്കും സംശയ നിവാരണം നൽകും.
വവ്വാലുകളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് (ജൂലൈ 22) ജില്ലയിൽ എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകൾ സന്ദർശിച്ച് ഇവർ വൈറസിന്റെ ജീനോമിക് സർവ്വേ നടത്തും. സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവർ വവ്വാലുകൾക്കായി മാപ്പിങ് നടത്തും.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് പോവുന്നത് എന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷൻ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കും. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ചേർന്നിരുന്നു. നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
നിപ സ്രവ പരിശോധയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി നാളെ (ജൂലൈ 23) പ്രവർത്തനം തുടങ്ങും. ലബോറട്ടറി സ്ഥാപിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധർ ജില്ലയിലെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മൊബൈൽ ലബോറട്ടറി വരുന്നതോടെ കൂടുതൽ സാംപിളുകൾ പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് നിപ പ്രോട്ടോകോൾ പാലിച്ച് ഇന്ന് (ജൂലൈ 22) ജില്ലയിൽ നടത്തി. ഇതേ നിയന്ത്രണങ്ങളോടെ അടുത്ത ദിവസവും അലോട്ട്‌മെന്റ് തുടരും. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പോളിടെക്‌നിക് അലോട്ട്‌മെന്റും ഇപ്രകാരം നടത്തും. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ പെൻഷൻ മസ്റ്ററിങ് നടത്താൻ പാടില്ല. ഇവിടങ്ങളിൽ മസ്റ്ററിങിന് സമയം നീട്ടി നൽകും. ജില്ലയിലെ മറ്റിടങ്ങളിൽ കർശനമായ നിപ പ്രോട്ടോകോൾ പാലിച്ച് മസ്റ്ററിങ് നടക്കുമെന്നും മന്ത്രി അറിയിച്ചു.
വൈകീട്ട് ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീന, ജില്ലാ വികസന കമ്മീഷണർ സച്ചിൻകുമാർ യാദവ്, പെരിന്തൽമണ്ണ സബ് കളക്ടർ അപുർവ തൃപാദി, അസി. കളക്ടർ വി.എം ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ ഓഫ്ലൈനായും പങ്കെടുത്തു.

