Technology (Page 75)

തങ്ങളുടെ ഉപയോക്താക്കള്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ അവര്‍ എങ്ങനെ വിവരങ്ങള്‍ തിരയുന്നു എന്നതിനെക്കുറിച്ച് ഫേസ്ബുക്കിന് വ്യക്തമായ രേഖകളുണ്ട്. ഇത് കൊണ്ട് തന്നെ ഫേസ്ബുക്കില്‍ സെര്‍ച്ച് ഹിസ്റ്ററി വളരെ പ്രധാന്യമുള്ള കാര്യമാണ്. ഒരു തവണ എന്തെങ്കിലും തിരഞ്ഞാല്‍ അത് ഡാറ്റയായി മാറുന്നു. ഇത്തരത്തില്‍ സെര്‍ച്ച് ഹിസ്റ്ററികള്‍ കളയാന്‍ എന്ത് ചെയ്യാം എന്ന് നോക്കാം. സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുന്നു. ഗൂഗിള്‍ ക്രോമിലെ സെര്‍ച്ച് ഹിസ്റ്ററി കളയുന്നതുപോലെ ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാന്‍ സാധിക്കും. Android, iOS ഒഎസുകളില്‍ ഇത് ഉപയോഗിക്കാം.

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ആപ്പ് തുറക്കണം. തുടര്‍ന്ന് സ്‌ക്രീനിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യണം. അടുത്ത് വരുന്ന പേജില്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ക്ക് അടുത്തായി നല്‍കിയിരിക്കുന്ന എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ ഇപ്പോള്‍ ഇവിടെ നിങ്ങള്‍ ക്ലിയര്‍ സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യണം. ഇതോടെ ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റാകും.

വെബ് ബ്രൗസറില്‍

ആദ്യം വെബ് ബ്രൗസറില്‍ ഫേസ്ബുക്ക് തുറക്കാം. അതിനുശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനിന്റെ വലതുവശത്ത് ഇത് കാണാം. തുടര്‍ന്ന് പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇനി ആക്ടിവിറ്റി ലോഗില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങള്‍ ലോഗിന്‍ ചെയ്ത മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുക്കണം.ഇവിടെ സെര്‍ച്ച് ഹിസ്റ്ററി സെലക്ട് ചെയ്ത് ക്ലിയര്‍ സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക.

ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതെന്ന് മനസിലാക്കാനുള്ള മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നത്. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഫോണ്‍ കോള്‍ ലഭിക്കുന്നയാളുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണിത്.

സ്പാം, ഫ്രോഡ് കോളുകള്‍ ഫോണിലേക്ക് വരുമ്പോള്‍ ഈ പുതിയ സംവിധാനമുപയോഗിച്ച്, സേവ് ചെയ്യാത്ത നമ്പരാണെങ്കില്‍ വിളിക്കുന്നയാളുടെ ശരിയായ പേര് ഫോണിലെ സ്‌ക്രീനില്‍ തെളിയും. ട്രൂകോളര്‍ അടക്കമുള്ള ആപ്പുകളെക്കാള്‍ സുതാര്യത പുതിയ സംവിധാനത്തിനുണ്ടെന്നാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ അവകാശവാദം. ഉപയോക്താക്കള്‍ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെയും സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും പ്രശ്നം തടയാന്‍ ടെലികോം റെഗുലേറ്റര്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും നടപ്പിലാക്കിയിട്ടുണ്ട്.

വേഗത്തിലും സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ യുപിഐ ആപ്പുകളാണ് ഏറ്റവും മികച്ച വഴി. ഏകദേശം 150 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് ഇന്ത്യയില്‍ യുപിഐ ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗൂഗിള്‍ പേ, പേ ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന യുപിഐ ആപ്പുകള്‍. ഒരു പണമിടപാട് നടത്തുമ്‌ബോള്‍ പണം അയക്കുന്ന ആളിന്റെയും പണം സ്വീകരിക്കുന്ന ആളിന്റെയും യുപിഐ ആപ്പുകള്‍ വെവ്വേറെ ആണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിവില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ഇടപാട് നടത്താന്‍ നമ്മുടെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന് ക്യൂ ആര്‍ കോഡ് ഉപയോഗിച്ചും രണ്ട് യുപിഐ ഐഡി ഉപയോഗിച്ചും.

  1. ക്യൂ ആര്‍ കോഡ്

ഈ വഴി പലര്‍ക്കും പരിചിതമാണ്. പണം സ്വീകരിക്കേണ്ട ആള്‍ തന്റെ ഫോണിലെ യുപിഐ ആപ്പില്‍ ഷോ ക്യൂ ആര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന ക്യൂ ആര്‍ കോഡ് പണം അയക്കേണ്ട ആള്‍ അയാളുടെ ഫോണിലെ യുപിഐ ആപ്പിലെ സ്‌കാന്‍ ക്യൂ ആര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയേ വേണ്ടൂ.

ഇതിന് ശേഷം സാധാരണ പോലെ എത്ര പണം അയക്കണമെന്നും പിന്‍ നമ്ബരും രേഖപ്പെടുത്തിക്കൊണ്ട് പണമിടപാട് നടത്താം. നാം കടകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കുന്ന അതേ വിദ്യതന്നെയാണിത്.

  1. യു പി ഐ ഐഡി

യുപിഐ ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ആ ആപ്പിന്റെ തന്നെ ഒരു ഐഡി ഉണ്ടാകും. ഇതിനെ വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ് എന്നും അറിയപ്പെടുന്നുണ്ട്. ഓരോ ആപ്പിനും അതിന്റേതായ ഐഡിയുണ്ടാകും. സാധാരണ ഫോണ്‍ നമ്ബര്‍ @ ആപ്പിന്റെ പേര് അല്ലെങ്കില്‍ ഫോണ്‍ നമ്ബര്‍ @ അക്ഷരങ്ങള്‍ എന്ന രൂപത്തിലാണ് ഇവയുണ്ടാവുക. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ഈ മെയില്‍ @ സേവനം നല്‍കുന്ന ബാങ്കിന്റെ പേര് എന്ന രൂപത്തിലാണ് ഐഡി കാണിക്കുക.

പണം അയക്കേണ്ട ആള്‍ തന്റെ യുപിഐ ആപ്പിനുള്ളില്‍ സെന്‍ഡ് ടു യുപിഐ ഐഡി എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. അതിനുള്ളില്‍ അയാളുടെ ഐഡി രേഖപ്പെടുത്തിയ ശേഷം വെരിഫൈ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ അയക്കുന്ന ആളിന്റെ പേര് ഫോണില്‍ ദൃശ്യമാകും. അതിന് ശേഷം എത്ര പണം ആണോ അയക്കേണ്ടത് അത് രേഖപ്പെടുത്തുകയും ശേഷം പിന്‍ കൊടുക്കുകുയം വഴി ഇടപാട് പൂര്‍ത്തിയാക്കാം.

സ്വന്തം യുപിഐ ഐഡി എങ്ങനെ കണ്ടെത്താം?

യുപിഐ ആപ്പില്‍ തന്നെയാണ് ഐഡി കാണിക്കുക. ബാങ്കുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഓരോ ആപ്പിലും ഓരോ ഭാഗത്താണ് ഇത് ദൃശ്യമാവുക. രാജ്യത്ത് ഏറ്റവും അധികം ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളില്‍ എവിടെയാണ് യുപിഐ ആപ്പ് കാണിക്കുക എന്ന് ചുവടെ പരിശോധിക്കുക.

  1. ഗൂഗിള്‍ പേ

-ഗൂഗിള്‍ പേ ആപ്പ് തുറക്കുക

-മുകളില്‍ വലത് വശത്ത് നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക

-ഒന്നിലധികം അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ഏത് അക്കൗണ്ടിന്റെ ഐഡി ആണോ വേണ്ടത് ആ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക

-യുപിഐ ഐഡി എന്ന ഭാഗത്ത് ഐഡി ദൃശ്യമാകും

ഗൂഗിള്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഈമെയില്‍@ബാങ്കിന്റെ പേര്

gmail@oksbi, gmail@icici

  1. ഫോണ്‍ പേ

-ഫോണ്‍ പേ ആപ്പ് തുറക്കുക

-മുകളില്‍ ഇടത് വശത്തുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

-യുപിഐ സെറ്റിംഗ്‌സില്‍ ക്ലിക്ക് ചെയ്യുക

-ഓരോ അക്കൗണ്ടിന്റെയും യുപിഐഡി ദൃശ്യമാകും

ഫോണ്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@വൈബിഎല്‍

123456789@ybl

  1. പേ ടിഎം

-പേ ടിഎം ആപ്പ് തുറക്കുക

-മുകളില്‍ ഇടത് ഭാഗത്തുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

-നിങ്ങളുടെ ക്യൂ ആര്‍ കോഡും യുപിഐ ഐഡിയും സ്‌ക്രീനില്‍ ദൃശ്യമാകും.

പേ ടിഎം ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@പേടിഎം

123456789@paytm

  1. ആമസോണ്‍ പേ

-ആമസോണ്‍ ഷോപ്പിംഗ് ആപ്പ് തുറക്കുക

-സ്‌ക്രീനില്‍ ആമസോണ്‍ പേ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് ആപ്പില്‍ നിന്ന് ആമസോണ്‍ പേ പേജിലേക്ക് പോവുക

-ആ സ്‌ക്രീനില്‍ തന്നെ ഐഡി ദൃശ്യമായിരിക്കും

ആമസോണ്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@എപിഎല്‍

123456789@apl

രാജ്യത്തെ 64% പേര്‍ക്കും ദിവസവും മൂന്നോ അതിലധികമോ സ്പാം കോളുകളോ സന്ദേശങ്ങളോ മൊബൈലില്‍ ലഭിക്കുന്നുവെന്ന് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. ട്രായിയുടെ ഡൂ നോട്ട് ഡിസ്റ്റര്‍ബില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോലും ഇത്തരത്തില്‍ സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമായി. പലരും ഇത് ഒരു പീഡനമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

സ്പാം കോളുകളില്‍ അമ്ബത്തിയൊന്ന് ശതമാനവും സാമ്പത്തിക വിഷയങ്ങളെ കുറിച്ചാണ്. റിയല്‍ എസ്റ്റേറ്റ് സംബന്ധിയായ സ്പാം കോളുകള്‍ 29 ശതമാനത്തോളമുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സേവനങ്ങള്‍, ഫോണിലെ ഓഫറുകള്‍, ജോലി ഓഫറുകള്‍ എന്നീ വിഷയങ്ങളെ കുറിച്ചും സ്പാം കോളുകള്‍ എത്തുന്നു. ഇത്തരത്തിലുള്ള പ്രമോഷണല്‍ കോളുകളില്‍ ആളുകള്‍ വഞ്ചിതരാവാനും സാധ്യതകളേറെയാണ്.

പ്രതിദിനം മുപ്പത്തിയഞ്ചിലധികം സ്പാം കോളുകള്‍ ലഭിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. ഇതേ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം കോളര്‍ ഐഡി ആപ്പായ ‘ട്രൂകോളര്‍’ പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഒരോ ഉപയോക്താവിനും ഒരു മാസത്തില്‍ ഏകദേശം 17 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിങ് ആപ്പുകള്‍ ലഭ്യമാവുകയില്ല. കഴിഞ്ഞ മാസം, പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്ബനി വിശ്വസിക്കുന്നു, ഇതേ കാരണത്താല്‍, ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍, ‘ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു’ എന്ന അലേര്‍ട്ടുമായി വരുന്നു, റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്ബ് ഇരുവശത്തും ഇതു വ്യക്തമായി കേള്‍ക്കുന്നു.

അതേസമയം, മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ഈ മാറ്റം ബാധിക്കുകയുള്ളൂവെന്ന് ഗൂഗിള്‍ വ്യക്തമാക്കി. കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുള്ള ഏത് പ്രീലോഡ് ചെയ്ത ഡയലര്‍ ആപ്പും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ ഉള്ള ആപ്പുകള്‍ മാത്രമേ നശിപ്പിക്കപ്പെടുകയുള്ളൂ. ഇതിനെത്തുടര്‍ന്ന്, ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു. കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷം, ട്രൂകോളര്‍ അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്തതായി വെളിപ്പെടുത്തി.

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ അവ തിരിച്ചറിയാനായി നാം ആശ്രയിക്കുന്നത് ട്രൂ കോളർ പോലുള്ള ആപ്പുകളെയാണ്. എന്നാൽ ചിലർ ഇത്തരം കോളർ ഐഡന്റിഫിക്കേഷൻ ആപ്പുകൾ ഉപയോഗിക്കാൻ തയ്യാറല്ല. എന്നാൽ അത്തരക്കാർക്കായി കോളർ ഐ.ഡി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വിളിച്ചത് ആരാണെന്ന് അറിയാനുള്ള മാർഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആളുകൾ സിം കാർഡ് എടുക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് ട്രായ് നടപ്പിലാക്കുന്നത്.

ഫോണിലേക്ക് വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ ഈ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സേവ് ചെയ്യാത്ത നമ്പരാണെങ്കിൽ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനിൽ തെളിയും. കോളർ ഐ ഡി വെളിവാക്കുന്ന മറ്റ് ആപ്പുകളെക്കാളും സുതാര്യതയും ട്രായ് ഉറപ്പു നൽകുന്നുണ്ട്. കെ.വൈ.സി അധിഷ്ഠിതമായിട്ടായിരിക്കും ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്.

സ്പാം കോളുകളും സന്ദേശങ്ങളും തടയാനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ട്രായ്യുടെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. സ്പാം, സ്‌കാം കോളുകൾ തടയാൻ നമ്പർ തിരിച്ചറിയൽ നിർണായകമാണെന്നും കഴിഞ്ഞ 13 വർഷമായി ഞങ്ങളിതിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ മദ്രാസ് ഐ.ഐ.ടിയില്‍ വെച്ച് നടത്തി് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. എന്‍ഡ് ടു എന്‍ഡ് നെറ്റ്വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും വേണമെങ്കില്‍ ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്സാപ്പ്. നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍, ഇനി ഇത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേര്‍ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതി ഈ അവസ്ഥ മാറും. മാത്രമല്ല ഗ്രൂപ്പിലെ അംഗങ്ങള്‍ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്മിന്‍ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

കൂടാതെ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നല്‍കിയും വാട്സാപ്പ് അടിമുടി മാറുകയാണ്. അതേസമയം, ഒരു സിനിമ മുഴുവനും വാട്സാപ്പിലൂടെ ഷെയര്‍ ചെയ്യാമെന്നതാണ് മറ്റൊരു പ്രധാന ഫീച്ചര്‍. രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്സാപ്പിലെ മാറ്റം.

വോയ്സ് കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണവും കമ്പനി വര്‍ദ്ധിപ്പിച്ചു. ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ എട്ട് പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സൗകര്യം ഒരുക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ പരിശോധന കാരണം 5ജി എത്താന്‍ നേരംവൈകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 1ന് വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട 5ജി അടിസ്ഥാന സൌകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധ പൂര്‍ത്തിയാക്കാനാണ് ടെലികോം മന്ത്രാലയം നേരത്തെ നിശ്ചയിച്ചത്. എന്നാല്‍, പരിശോധന ലാബുകളിലെ മെല്ലെപ്പോക്ക് കാരണം. ഈ പരിശോധനകളുടെ അന്തിമ തീയതി ജൂലൈ 1 2022 എന്നതില്‍ നിന്നും ജനുവരി 1 2023 ആക്കണമെന്നാണ് ചില ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്ബനി പ്രതിനിധികള്‍ പറയുന്നത്.

ജൂണ്‍, ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി ലേലം നടക്കുക എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്. പരിശോധനകള്‍ കൃത്യമായി പൂര്‍ത്തിയായില്ലെങ്കില്‍ ടെലികോം കമ്ബനികള്‍ക്ക് ആവശ്യമായ 5ജി ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അത് വില്‍ക്കുന്ന കമ്ബനികള്‍ക്ക് സാധിക്കില്ല. ഇതോടെ 5ജി സേവനങ്ങള്‍ താഴെക്കിടയില്‍ എത്തുന്നത് വീണ്ടും വൈകാന്‍ ഇടയാക്കും. ഇന്ത്യന്‍ ലാബുകളുടെ സൗകര്യം അനുസരിച്ച് പരിശോധന പൂര്‍ത്തിയാക്കാന്‍ വലിയ കാലയളവ് വേണ്ടിവരും എന്നാണ് 5ജി ഉപകരണങ്ങള്‍ വിതരണക്കാരുടെ അഭിപ്രായം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ ഓഗസ്റ്റ് മാസത്തോടെ 5ജി ചിലപ്പോള്‍ പ്രവര്‍ത്തികമായാലും പ്രദേശിക തലങ്ങളിലേക്ക് 5ജി വ്യാപിക്കാന്‍ സമയം എടുക്കും എന്നാണ് സൂചന.

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി സിഇഒ സത്യ നാദെല്ല അറിയിച്ചു. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാക്കാനായിട്ടുള്ള മികച്ച നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം ജീവനക്കാര്‍ക്ക് അയച്ചിരിക്കുന്നത്. ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം, മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളവര്‍ധന താരതമ്യേന കുറഞ്ഞ പ്രയോജനമേ ഉണ്ടാക്കൂ. അവരുടെ ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.