Latest News (Page 1,210)

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് സ്ഥിരീകരിക്കുകയും ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല അവലോകന യോഗത്തില്‍ പ്രതിരോധ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പഞ്ചായത്തിലെ 15, 17, 16, 7, 14 , 12, 18 എന്നീ വാര്‍ഡുകളിലുമുള്ള കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാനാണ് തീരുമാനം. ഇതോടൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ പ്രതിരോധ നടപടികള്‍ ആരംഭിക്കും.

അതേസമയം, പക്ഷിപ്പനി മറ്റ് മേഖലകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഴൂര്‍ പഞ്ചായത്തിന്റെ ഒമ്പത് കിമീ ചുറ്റളവിലുള്ള മേഖലകളായ കിഴുവിലം, കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍ കോട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട കഴക്കൂട്ടം മേഖലയിലെ വാര്‍ഡ് ഒന്ന്, ആറ്റിന്‍ കുഴി പ്രദേശം തുടങ്ങിയ മേഖലകളില്‍ കോഴി, താറാവ് എന്നിവയുടെ വില്‍പനയും ഇറച്ചി വില്‍പനയും നിരോധിച്ചിട്ടുണ്ട്
.

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടിയ്ക്ക് ചികിത്സ നൽകിയതിൽ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്കെതിരെയാണ് റിപ്പോർട്ട്. അഞ്ജുശ്രീ രണ്ട് തവണ ചികിത്സ തേടി എത്തിയെങ്കിലും ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടത്. ഉടൻ തന്നെ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അഞ്ജുശ്രീയെ മടക്കി അയച്ചു. വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതി അടുത്ത ദിവസം അതേ ആശുപത്രിയിൽ വീണ്ടുമെത്തി. ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ല. ഇത് വലിയ വീഴ്ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് അഞ്ജുശ്രീയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കവെയാണ് പെൺകുട്ടി മരണപ്പെട്ടത്.

ജോധ്പൂർ: വിദേശത്ത് വ്യോമാഭ്യാസത്തിന് നേതൃത്വം നൽകുന്ന ആദ്യ ഇന്ത്യൻ വനിതാ യുദ്ധവിമാന പൈലറ്റായി അവ്‌നി ചതുർവേദി. ഇതാദ്യമായാണ് രാജ്യത്ത് നിന്നും വനിതാ യുദ്ധവിമാന പൈലറ്റ് വിദേശത്ത് നടക്കുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.

ജപ്പാനുമായുള്ള വ്യോമയാന യുദ്ധ അഭ്യാസമുറകളിലാണ് അവ്‌നി പങ്കാളിയാകുക. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30എംകെഐ സ്‌ക്വാഡ്രണിന് നേതൃത്വം നൽകുന്ന രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് അവ്‌നി. ജനുവരി 16 നാണ് വീർ ഗാർഡിയൻ 2023 എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ആരംഭിക്കുന്നത്.

ജനുവരി 26 വരെ അഭ്യാസം നടക്കും. ഒമിറ്റമയിലെ ഹ്യാകുരി എയർ ബേസിലും അതിന്റെ ചുറ്റുമുള്ള വ്യോമാതിർത്തിയിലും ജപ്പാനിലെ സയാമയിലെ ഇരുമ എയർ ബേസിലുമാണ് അഭ്യാസം നടക്കുക. മദ്ധ്യപ്രദേശിലെ റീവ ജില്ലയാണ് അവ്‌നിയുടെ സ്വദേശം. തന്റെ 24 -ാം വയസിലാണ് അവ്‌നി വ്യോമസേനയിൽ ചേരുന്നത്. രാജസ്ഥാനിലെ ബനസ്ഥാലി സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ വ്യക്തിയാണ് അവ്‌നി.

കോഴിക്കോട്: ഇനി പാചകത്തിനായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നുവെന്നും ഇനി മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പരാമർശം.

കലോത്സവ നഗരിയിലെ അടുക്കളകൾ ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ്. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. ചില പ്രതികരണങ്ങളുടെ പേരിൽ മാത്രമല്ല വിടവാങ്ങൽ. നമ്മുടെ സാത്വിക മനസ്സിന് ഉൾക്കൊള്ളാവുന്ന കാര്യമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണ ശീലങ്ങൾ മാറിമാറി വരുന്ന അടുക്കളകളിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുകൂടിയാണ് കലോത്സവ ഊട്ടുപുരയിൽ നിന്ന് മാറിനിൽക്കുന്നത്. ജാതിയുടെയും വർഗീയതയുടെയും വിഷവിത്തുകൾ കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വാരിയെറിയുന്ന കാലമാണിത്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നു. തന്നെ മലീമസപ്പെടുത്തുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ നടന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടര കോടിയിലേറെ കുട്ടികൾക്ക് ഇതുവരെ ഭക്ഷണം കൊടുത്തിട്ടുണ്ട്. ഇനിയും തനിക്ക് ജീവിക്കാൻ ആ സന്തോഷം മാത്രം മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.

കൊച്ചി: കേരളത്തിന്റെ മധ്യമേഖലയില്‍ പര്യടനത്തിലാണ് ഇന്ന് മുതല്‍ ശശി തരൂര്‍. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസില്‍ സ്വാധീനം ഉറപ്പിക്കുകയാണ് തരൂരിന്റെ ലക്ഷ്യം. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ‘കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. എന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല’- തരൂര്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ‘കേരള മുഖ്യമന്ത്രിയാകാന്‍ ഞാന്‍ തയാറാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്’- തരൂര്‍ മറുപടി നല്‍കി.

അതേസമയം, ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്? അധോഗതി എന്നല്ലാതെ എന്ത് പറയാന്‍ സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. എന്‍ എസ് എസിനെ പോലെ മുസ്ലിം സംഘടനകളും ക്രൈസ്തവ സഭകളുമെല്ലാം തരൂരിനെ പിന്തുണച്ചു രംഗത്തു വരുന്നുണ്ട്. എന്‍എസ്എസ് തരൂരിനെ അനുകൂലിക്കുന്നത് രമേശ് ചെന്നിത്തലയേയും കെസി വേണുഗോപാലിനേയും പോലുള്ള നേതാക്കള്‍ക്ക് തലവേദനയാണ്. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് ചെന്നിത്തലയെ പിന്തുണക്കുന്നത്. ഐ ഗ്രൂപ്പും നേതാക്കളും തരൂരിനെതിരെ സജീവമായി രംഗത്തുണ്ട്. ക്രൈസ്തവ സഭകളും തരൂരിനെ നേതാവായി അംഗീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുസ്ലിം ലീഗ് പിന്തുണയിലായിരുന്നു തരൂരിന്റെ മലബാര്‍ പര്യടനം.

തരൂരിനെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി നായര്‍ വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന അങ്ങനെ വിളിച്ചത്. ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാവും. ചിലയാളുകള്‍ അദ്ദേഹം നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ല. അത് അവരുടെ അല്‍പ്പത്തരമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: കേരളത്തില്‍ 80 ശതമാനത്തോളം ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളുമൊക്കെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയേ പ്രവര്‍ത്തിക്കാവൂ എന്നാണ് 1974-ലെ ജലനിയമവും 1981-ല്‍ നിലവില്‍വന്ന വായുനിയമവും വ്യക്തമാക്കുന്നത്. അതിനാല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണ്.

അതേസമയം, മലിനജല സംസ്‌കരണ പ്ലാന്റ് പോലെയുള്ള സംവിധാനം ഉണ്ടെങ്കിലേ ഹോട്ടലുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നല്‍കാന്‍ സാധിക്കൂ. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധക്ക് മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കാരണമാണെന്നാണ് കണ്ടെത്തല്‍. അഞ്ചുവര്‍ഷത്തേക്കാണ് ഹോട്ടലുകള്‍ക്കും മറ്റും ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കേണ്ടത്. ചെറിയ ഹോട്ടലുകള്‍ക്ക് ഫീസ് 4000 മുതല്‍ 5000 വരെയാണ്. ബോര്‍ഡിന്റെ അനുമതി നേടണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ സര്‍ക്കാരിന് ലഭിക്കാവുന്ന 150 കോടിയോളം രൂപ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

സംസ്ഥാനത്ത് ഏകദേശം അഞ്ചുലക്ഷത്തോളം ഹോട്ടലുകളുണ്ട്. കാനകളിലേക്കൊന്നും ഇത്തരം ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാനാകില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ക്കും മറ്റും അനുമതിനല്‍കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിവാങ്ങണം എന്ന് ലൈസന്‍സില്‍ രേഖപ്പെടുത്തിക്കൊണ്ടാണ്. എന്നാല്‍, അതിനുശേഷം ആരും അനുമതിവാങ്ങാറില്ല എന്നതാണ് വാസ്തവം.

കാസര്‍ഗോഡ്: 61)മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

‘കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് വിമര്‍ശനമുന്നയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്‌വഴക്കം അവസാനിപ്പിച്ച് വർഷം മുഴുവൻ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണമാണ് വിൽക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷം കലർന്ന ഭക്ഷണം വിളമ്പുന്നവർക്കെതിരെ കർശന ക്രിമിനൽ നിയമനടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്. കുറ്റമറ്റ പരിശോധന നടത്താൻ ഇനിയുമെത്ര ജീവനുകൾ ഹോമിക്കേണ്ടി വരും. ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യ അരക്ഷിതത്വ വകുപ്പാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

സംസ്ഥാന സർക്കാരാണ് ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അലംഭാവം കാട്ടുന്നു. ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിങ് സംവിധാനം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പേരിന് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന നടപടികൾ നടത്തുന്നതും പരിഹാസ്യമാണ്. നിസ്സാര പിഴയീടാക്കി ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്താനുമതി നൽകുന്നത് വിഷം വിളമ്പുന്നവർക്ക് നൽകുന്ന പ്രോത്സാഹനമാണ്. വർഷത്തിൽ കൃത്യമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ തയ്യാറായിരുന്നെങ്കിൽ മനുഷ്യ ജീവനുകൾ ബലിനൽകേണ്ടി വരില്ലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടു വിലപ്പെട്ട ജീവനുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഭക്ഷ്യവിഷബാധയെ തുടർന്ന് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾ പരിശോധിക്കാനുള്ള മികച്ച സംവിധാനം സംസ്ഥാനത്തില്ലെന്നത് ഖേദകരമാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ശുഷ്‌കാന്തി കാട്ടുന്ന പ്രവർത്തനത്തിന് അറുതിവരുത്താൻ സർക്കാർ തയ്യാറാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓൺ വീൽസ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും അപര്യാപ്തതയാണ് പരിശോധന പാളുന്നതിൽ പ്രധാനഘടകമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

ഉണ്ണിമുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ രണ്ടാം വാരത്തിലേക്ക് കടക്കുമ്‌ബോള്‍ ചിത്രം ആദ്യം റിലീസ് ചെയ്ത കേരളത്തിലെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചു.140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 30 സ്‌ക്രീനുകളിലേക്ക് കൂടി വര്‍ധിപ്പിച്ചു.

അതേസമയം റെസ്റ്റ് ഓഫ് കേരള മികച്ച റിലീസ് ആണ് ചിത്രത്തിന്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും ഇവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ലോക പ്രശസ്ത കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനിയുമായി കൂടിക്കാഴ്ച്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോർഗിനി ഗ്രൂപ്പി’ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി.

ഇലക്ട്രിക് വാഹനങ്ങളുടേയും ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടേയും നിർമ്മാണത്തിൽ കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അവർ ആലോചിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. ആഡംബര ഫ്‌ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിലും കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണ്.
ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടുമെന്ന് അറിയിച്ചിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളുടെ അസംബ്‌ളിംഗിനായി നികുതി ഇളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലയാളിയായ സുഹൃത്ത് ഉസ്മാൻ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറായത് സന്തോഷകരമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറൻമുള കണ്ണാടി ലംബോർഗിനിക്ക് സമ്മാനിക്കുകയും ചെയ്തു.