National (Page 37)

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതു ബജറ്റ് അവതരണം ജൂലൈ 23ന്. ജൂലൈ 22 മുതൽ പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സർക്കാരിൻറെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ആയിരിക്കും. ആഗസ്റ്റ് 12 വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടർ ദിവസങ്ങളിൽ ചർച്ച നടക്കും.

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. രോഗം ബാധിച്ച ഗർഭിണികളെയും, അവരുടെ ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം.

ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ആയി വീണ്ടും അധികാരമേൽക്കും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ചംപൈ സോറൻ സ്ഥാനം ഒഴിയും. ഹേമന്ത് സോറൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്സ്മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എട്ട് മണിക്കൂർ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തി. തുടർന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ ഹേമന്ത് സോറൻ രാജി സമർപ്പിക്കുകയായിരുന്നു.

ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിപ്പൂർ കലാപത്തെ കുറിച്ചും മോദി പാർലമെന്റിൽ സംസാരിച്ചു. സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണ്. നിലവിൽ അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

11,000 എഫ്‌ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും. 1993 ൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷം 5 കൊല്ലം തുടർന്നതും മോദി ഓർപ്പിപ്പിച്ചു. കശ്മീരിൽ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും മോദി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗർഭാഗ്യകരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണ അറിയിച്ചു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സമൂഹത്തെ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ എല്ലാ മഹത് വ്യക്തിത്വങ്ങളും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ചാണ് സംസാരിക്കുന്നതെന്നുമുള്ള രാഹുലിന്റെ പരാമർശത്തിനാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്ന കോടിക്കണക്കിന് ഇന്ത്യാക്കാർ ഈ രാജ്യത്തുണ്ടെന്ന കാര്യം അദ്ദേഹത്തിനറിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അവരെല്ലാവരും അക്രമത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറയാനാണോ അദ്ദേഹം ശ്രമിക്കുന്നത്. അക്രമത്തെ ഒരു മതവുമായും ബന്ധപ്പെടുത്താനാകില്ല. അദ്ദേഹം മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

ഹിന്ദുക്കൾ അക്രമകാരികളാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലൂടെ ഹിന്ദുക്കളോടുള്ള കോൺഗ്രസിന്റെ വിദ്വേഷ മനോഭാവം വ്യക്തമായി എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യ കേസ് ഡൽഹി പൊലീസ് റദ്ദാക്കി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ എഫ്ഐആർ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.

മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നാണ് നിലവിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞു. ഗ്വാളിയാറിൽ മോട്ടോർ സൈക്കിൾ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത് ജൂൺ ഒന്നിനു പുലർച്ചെ 12.10നാണ്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്. പുതിയ മാനദണ്ഡം അനുസരിച്ച് നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യുപിസി നൽകില്ല. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം.

സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും. നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നത്.

മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്.

ന്യൂഡൽഹി: പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യമാണ് തങ്ങളുടെ ആയുധമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്‌സഭയിൽ പ്രദർശിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധി പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി മോദിയെ പരിഹസിക്കുകയും ചെയ്തു.

ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോ. ബിജെപി അംഗങ്ങൾ ഭരണഘടനയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും താനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് താൻ ആസ്വദിച്ചു. അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

പുതിയ നിയമ പ്രകാരം ആദ്യ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലായിരുന്നു ഇയാൾ കച്ചവടം ചെയ്തിരുന്നത്.

പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. രണ്ടാം മോദി സർക്കാരാണ് ഈ നിയമം പാസാക്കിയത്. സാമൂഹിക കാലത്തെ യാഥാർത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.