National (Page 36)

modi

ന്യൂഡൽഹി: ഉന്നാവോ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

അപകടം ഏറെ വേദനാജനകമാണെന്നും അപകടത്തിൽ പ്രിയപ്പെവരെ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷമഘട്ടത്തിൽ ദൈവം അവർക്ക് ശക്തിനൽകട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരന്ത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായമായി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസും ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

മോസ്‌കോ: റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിനാണ് പ്രധാനമന്ത്രി റഷ്യയ്ക്ക് നന്ദി അറിയിച്ചത്. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തന്റെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും നിർമിച്ചു. ഭാരതം വികസിക്കുകയാണെന്ന് ലോകം പറയുകയാണ്. 140 കോടി പൗരന്മാരുടെ പിന്തുണയോടെയാണ് ഭാരതം മുന്നേറുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.

രാജ്യം വികസിതമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഭാരതീയർ ഇന്ന് അഭിമാനിക്കുകയാണ്. ഭാരതത്തിന്റെ പുനർ നവീകരണം നമ്മുടെ യുവാക്കൾ നേരിൽ കാണുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. 40,000 കിലോമീറ്റർ വരെ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റിന്റെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്‌നേഹവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രവാസികളുമായി താൻ സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു മാസം തികയുന്നു. മൂന്ന് മടങ്ങ് ശക്തിയോടെ മൂന്ന് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങൾ അധികാരമേറ്റിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കസ്വ ഭീകരാക്രമണം നടന്നത്. 5 ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം വ്യക്തമാക്കി.

കത്വ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ദുഃഖം രേഖപ്പെടുത്തി. സംഭവം വേദനയുളവാക്കുന്നതായും ഈ ദുഷ്‌കരമായ സമയത്ത് രാജ്യം അവരുടെ കുടുംബാംഗങ്ങളോടൊപ്പം നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജമ്മുകശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചലച്ചിത്രങ്ങളിലും, ഡോകുമെൻററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുത്. ഇക്കാര്യത്തിൽ സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

മെറ്റാ എഐയിൽ പരിഷ്‌ക്കരണം നടപ്പിലാക്കാൻ വാട്ട്‌സ് ആപ്പ്. ഉപയോക്താക്കൾ അയയ്ക്കുന്ന ഫോട്ടോകൾക്ക് മറുപടി നൽകാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുതിയ അപ്‌ഡേറ്റിൽ ഇത്തരത്തിൽ മാറ്റം വരുത്താനുള്ള പരീക്ഷണം വാട്ട്‌സ് ആപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം.

ഉപയോക്താക്കൾക്ക് ചിത്രങ്ങൾ മെറ്റാ എഐയുമായി നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടൺ കൊണ്ടുവരുന്നതിനായി വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മെറ്റാ എഐയിലേക്ക് ചിത്രങ്ങൾ അയച്ചതിന് ശേഷം, ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദർഭം പറയാനോ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജിൽ മാറ്റങ്ങൾ വരുത്താൻ മെറ്റാ എഐയോട് ആവശ്യപ്പെടുകയും ചെയ്യാം.

ഉപയോക്താക്കൾക്ക് അയക്കുന്ന ചിത്രങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാൻ അനുവദിക്കുമെന്നുമാണ് സൂചന.

ചെന്നൈ: അടുത്ത രണ്ട് വർഷം തമിഴ്‌നാട്ടിൽ ബിജെപിക്ക് നിർണായകമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പുനഃക്രമീകരണം സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വനഗരത്ത് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകി. 2026ൽ സംസ്ഥാനത്ത് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ യുവാക്കൾ താഴെത്തട്ടിലേക്ക് പോകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ജീവന് ഉറപ്പില്ലാത്തതുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത്രയും അക്രമാസക്തമായ ഒരു സംസ്ഥാനം മുമ്പ് തമിഴ്നാട് കണ്ടിട്ടില്ല. ഡിഎംകെ സർക്കാരിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുകയാണ്. ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ശബ്ദം അടിച്ചമർത്തുമ്പോൾ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിന്മയുടെ ഭരണം അട്ടിമറിക്കപ്പെടുന്നതുവരെ ബിജെപിയുടെ ശബ്ദം സാധാരണക്കാരന്റെ ശബ്ദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മു കശ്മീർ ഇന്ന് വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദ. ജമ്മുവിൽ രണ്ട് എയിംസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര ആശുപത്രിയായിരിക്കും ജമ്മുവിലേത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ചികിത്സയ്ക്കായി ചണ്ഡീഗഢ്, അമൃത്സർ, അല്ലെങ്കിൽ ഡൽഹി എന്നിവിടങ്ങളിൽ പോകേണ്ടിവരാത്ത ഒരു കാലം വിദൂരമല്ലെന്ന് അദ്ദേഹം അറിയിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കോടി പേരാണ് കഴിഞ്ഞ വർഷം ജമ്മു കശ്മീർ സന്ദർശിച്ചത്. കശ്മീർ താഴ്വരയിൽ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും ചരിത്രമായി മാറി. യുപിഎ സർക്കാരിന്റെ കാലത്ത് വ്യാപകമായി അഴിമതി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കി. നേരത്തെ അതിർത്തിക്കപ്പുറത്തേക്ക് പ്രതിരോധിക്കാനും തിരിച്ച് വെടിവയ്ക്കാനുമായി പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുന്നു. ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന ഏതൊരു ഭീകരനെയും ഒരാഴ്ചയ്ക്കുള്ളിൽ നിർവീര്യമാക്കുമെന്നും ജെ പി നദ്ദ പറഞ്ഞു.

മുംബൈ: സെൻട്രൽ ജയിലിൽ സ്‌ഫോടനം. മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡ് ജയിലിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ജയിലിലെ 6, 7 ബാരക്കുകൾക്ക് സമീപമാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളിന്റെ വലിപ്പത്തിലുള്ള ബോംബാണ് പൊട്ടിയതെന്ന് കമ്മീഷണർ നവീൻചന്ദ്ര റെഡ്ഡി അറിയിച്ചു.