Kerala (Page 944)

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നും, ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യില്‍ തെളിവുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിചാരണ കോടതി പ്രോസിക്യൂഷനോട് മുന്‍ വിധിയോടെ പെരുമാറിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അതിജീവിതയുടെ സമാന ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല

കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടര്‍ച്ചയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയിലായതോടെ അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. 45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം നടത്തുന്നത്.

ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിയണം. ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന ആരംഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്. റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഒക്ടോബർ 15 മുതൽ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. സർക്കാർ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരള ബാങ്കിൽ നിന്നടക്കം വായ്പ എടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ കോടതിയോട് വ്യക്തമാക്കിയിരുന്നു.

2021 ജൂലൈ മാസത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. നിക്ഷേപകരുടെ 312 കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു പരാതി. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ ബാങ്കിൽ കണ്ടെത്തിയിരുന്നു. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമാക്കിയിരുന്നു.

സഹകരണ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് വിലയിരുത്തിയിരുന്നു. ഇക്കാര്യം സർക്കാർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്. പണം തിരിച്ചു കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും നിക്ഷേപ തുക മുഴുവനും തിരിച്ചു നൽകാനും യോഗം തീരുമാനിച്ചുവെന്നും സർക്കാർ കോടതിയെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളിൽ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗൺസിലിംഗ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേൽക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചത്. ഈ വർഷം ആഗസ്റ്റ് വരെ 1,96,616 പേർക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്ത്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

പേവിഷബാധ നിർമാർജനത്തിന് കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും വളരെ പ്രധാനമാണ്. മൃഗങ്ങളിൽ നിന്നും കടിയേറ്റാൽ ചെറിയ മുറിവാണെങ്കിലും 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തിൽ കഴുകണം. ഇത് വൈറസ് തലച്ചോറിൽ എത്താതെ പ്രതിരോധിക്കാനാകും. തുടർന്ന് എത്രയും വേഗം വാക്‌സിനെടുക്കണം. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്‌സിൻ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

പേവിഷബാധ പ്രതിരോധത്തിൽ വിദ്യാർത്ഥികൾ ബ്രാൻഡ് അംബാസഡർമാരാണ്. എല്ലാ വിദ്യാർത്ഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ, കൗൺസിലർ ജി. മാധവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ്, ഗവ. ആർട്‌സ് കോളേജ് കോ-ഓർഡിനേറ്റർ ഡോ. ഡയാന ഡേവിഡ്, കോളേജ് യൂണിയൻ ചെയർമാൻ പി. ജിഷ്ണ എന്നിവർ സംസാരിച്ചു. ഗവ. ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്. ചിന്ത ബോധവത്ക്കരണ ക്ലാസ് നടത്തി.

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയും. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കും. നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകളിൽ എസ്. പി. സി, എൻ. സി. സി, എൻ. എസ്. എസ് എന്നിവരെ ഫലപ്രദമായി വിനിയോഗിക്കും. സ്‌കൂളുകളിൽ കൂടുതൽ കൗൺസലർമാരെ നിയോഗിക്കും. അതിഥി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രചാരണം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാവരുടെയും ഏകോപിത പ്രവർത്തനം ഉണ്ടാകണം. മാധ്യമങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകും. എല്ലാ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ സംഘടിപ്പിക്കുന്ന കാമ്പയിന് ജനപങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ഊർജിത കാമ്പയിനാണ് ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അനുഭവം വിലയിരുത്തി തുടർ പ്രവർത്തനവും നടക്കും. ഒക്ടോബർ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പി. ടി. എ യോഗം ചേരും. ലഹരി വിരുദ്ധ സദസുകളും സംഘടിപ്പിക്കും. ബസ്സ്റ്റാൻഡ്, പ്രധാന കവലകൾ, ക്ളബുകൾ, ഗ്രന്ഥശാലകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജനജാഗ്രതാ സദസ് നടക്കും. പൂജ അവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കും. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ പി. ടി. എ മദർ പി ടി എ, വിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ എട്ട് മുതൽ 12 വരെ ലൈബ്രറി, റെസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ഹോസ്റ്റൽ, ക്ളബ് എന്നിവയുടെ നേതൃത്വത്തിൽ സംവാദം, വിവിധ പരിപാടികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. വിവിധ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കും.

ഒക്ടോബർ 9ന് കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡ്, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സദസ് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുണ്ടാവും. 16 മുതൽ 24 വരെ തീരദേശ സംഘടനകൾ, തീരദേശ പോലീസ് എന്നിവരുമായി ആലോചിച്ച് തീരമേഖലയിൽ പരിപാടി സംഘടിപ്പിക്കും. എല്ലാ തദ്ദേശവാർഡുകളിലും 16ന് വൈകിട്ട് നാലു മുതൽ 7 വരെ ജനജാഗ്രത സദസുണ്ടാവും. 24ന് വൈകിട്ട് ആറിന് ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കും. ഒക്ടോബർ 30, 31 തീയതികളിൽ സംസ്ഥാനത്താകെ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി വിളംബര ജാഥ നടത്തും. നവംബർ 1ന് വൈകിട്ട് മൂന്നിന് ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ ശൃംഖല തീർക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാകും ഇത് പിരിയുന്നത്. പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുകയും കുഴിച്ചു മൂടുകയും ചെയ്യും. കാമ്പയിനിൽ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. പ്രായം 22നും 45നും മധ്യേ. വിവരങ്ങൾക്ക്: www.fisheries.kerala.gov.in.

ഐസിഫോസിലെ സ്വതന്ത്ര ഇൻക്യൂബേറ്റർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമുള്ള തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് MBA ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ഒക്ടോബർ 3ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ (Walk-In-Interview) സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14; 0471 2413013; 9400225962.

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത് ജനാധിപത്യവിരുദ്ധമെന്ന് ജമാഅത്തെ ഇസ്ലാമി.

‘കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സംഘങ്ങള്‍ സൈ്വര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയ പ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം’- ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.

ഐഎന്‍എലിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങളെ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

‘കെ സുരേന്ദ്രന്‍ മാധ്യമങ്ങളിലൂടെ പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നു. മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സംഘടനയോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ട്, ഐഎന്‍ല്ലിന്റെ തലവന്‍ പ്രൊഫ മുഹമ്മദ് സുലൈമാന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവനെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുട്ടിയുടെ അച്ഛന്‍ എഴുതി തയാറാക്കിയ മുദ്യാവാക്യം കുട്ടിയെ പഠിപ്പിക്കുകയായിരുന്നെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. 34 പേരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി.

അതേസമയം, കഴിഞ്ഞ മെയ് 21ന് ആലപ്പുഴയില്‍ നടന്ന റാലിക്കിടെ കുട്ടിയെ തോളിലിരുത്തി വിദ്വേഷമുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് കേസെടുത്തത്. ‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’- ഇങ്ങനെയായിരുന്നു പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്.

എന്നാല്‍, സംഘടന നല്‍കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും ആയിരുന്നു ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസിന്റെ വിശദീകരണം. കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്‍എസ്എസ്സിനെതിരാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിലെടുത്തത്.

കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. ഉച്ചയ്ക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറും. എൻഐഎ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാൾ ഒളിവിലാണെന്നും സൂചനയുണ്ടായിരുന്നു.

നിലവിൽ അബ്ദുൽ സത്താറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. എൻഐഎ കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. ഇയാളുടെ വീട്ടിലടക്കം എൻഐഎ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഈ സമയം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.