വേറെ പണിയൊന്നും ഇല്ലാത്തവർ കേസ് കൊടുക്കുന്നതാണ് നല്ലത്; വി ഡി സതീശനെതിരെ പരിഹാസവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോ മാനേജർക്കെതിരെ പരാതി കൊടുത്ത സാഹചര്യത്തിലാണ് ഇ പി ജയരാജൻ വി ഡി സതീശനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. വേറെ പണിയില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇൻഡിഗോ മാനേജർക്കെതിര പരാതി കൊടുക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.
കേസ് കൊടുത്തോട്ടെ. ഇവിടെ ആർക്കും കേസ് കൊടുക്കാൻ അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് എന്തുകണ്ടിട്ടാണ് കേസ് കൊടുക്കുന്നത്. വേറെ പണിയൊന്നും ഇല്ലാത്തവർ കേസ് കൊടുക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതിനോട് പ്രതികരിക്കാനില്ല. രാഷ്ട്രീയ പ്രശ്നങ്ങളോ ജനങ്ങളുടെ പ്രശ്നങ്ങളോ ഉന്നയിച്ചാൽ മറുപടി നൽകാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നാണ് വി ഡി സതീശന്റെ ആരോപണം. റിപ്പോർട്ട് പച്ചക്കള്ളമാണെന്നും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയായ എയർപോർട്ട് മാനേജർ ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്നും സതീശൻ പറഞ്ഞിരുന്നു.