Entertainment (Page 139)

നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പച്ച സാരിയുടുത്ത് അതിസുന്ദരിയായിരുന്നു സുപ്രിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. സുപ്രിയ അണിഞ്ഞ നെക്ലേസാണ് ആരാധകർക്കിടയിൽ ചർച്ചയായത്. പൃഥ്വിരാജുമായുള്ള വിവാഹ ദിനത്തിൽ സുപ്രിയ ഈ നെക്ലേസാണ് അണിഞ്ഞിരുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട നെക്ലേസിന്റെ വിശേഷങ്ങൾ ആരാധകരുമായി സുപ്രിയ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇത് തന്റെ അമ്മ അവരുടെ വിവാഹദിനത്തിൽ അണിഞ്ഞതാണെന്നും താനും അത് തന്റെ വിവാഹത്തിന് അണിഞ്ഞുവെന്നും സുപ്രിയ പറയുന്നു. തങ്ങളുടെ മകൾ ആലി അവളുടെ വിവാഹത്തിന് അണിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുപ്രിയ വ്യക്തമാക്കി. അതൊരു കുടുംബ സ്വത്തും തനിക്കേറെ പ്രിയപ്പെട്ട ആഭരണവുമാണെന്നും സുപ്രിയ പറഞ്ഞു. വിവാഹാഭരണങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ഗംഭീരമാണെന്ന ആരാധികയുടെ കമന്റിന് മറുപടി നൽകിക്കൊണ്ടാണ് സുപ്രിയയുടെ പരാമർശം.

സുപ്രിയയുടെ കസിന്റെ വിവാഹ നിശ്ചയത്തിലാണ് സുപ്രിയ സ്‌പെഷ്യൽ ആഭരണം ധരിച്ചെത്തിയത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വി.മധുസൂദനൻ നിർമ്മിക്കുന്ന അയാം എ ഫാദർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ പ്ലാൻ 3 സ്റ്റുഡിയോസുമായി സഹകരിച്ചാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്. 13 വയസ്സുകാരൻ അച്ഛനായി എന്ന പത്രവാർത്തയാണ് സിനിമയുടെ ഇതിവൃത്തം.

കാസർകോടും സമീപ പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജു ചന്ദ്രയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ഛായഗ്രഹണവും നിർവ്വഹിക്കുന്നത്. ആട് 2, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ രംഗത്തു വന്ന സാമി, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിമിഷയുടെ അമ്മയായി വന്ന അനുപമ, തീവണ്ടിയിൽ ടോവിനോയുടെ കുട്ടികാലം ചെയ്ത മാഹിൻ, പുതുമുഖം അക്ഷര രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

താഹിർ ഹംസയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്.

സിനിമാ മേഖലയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന് നടി സാമന്ത. സിനിമയുമായുള്ള പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറയുന്നു. വിശ്വസ്തരായ ആരാധകരാണ് തനിക്കുള്ളതെന്നും സാമന്ത വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

‘രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായതെന്ന് സാമന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണെന്നും സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. രശ്മിക മന്ദാന, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി താരനിരകൾ സാമന്തയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തി.

യേ മായേ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സമാന്ത തന്റെ അഭിനയ ജീവിത്തതിന് തുടക്കം കുറിച്ചത്. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് സംവിധാനം നിർവ്വഹിച്ചത് ഗൗതം മേനോൻ ആണ്. അല്ലു അർജുൻ നായകനായ പുഷ്പയിലെ ഗാനരംഗത്തിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിലെ ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ ഷൂട്ടിന് ഇടയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായത്.

പാട്ടിന് വേണ്ടി വളരെ അനായാസമായി ചുവടുവയ്ക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. ഒറ്റ ടേക്കിൽ തന്നെയാണ് താരം ഡാൻസ് സീൻ ഓക്കെയാക്കുന്നത്. ഈ പ്രായത്തിലും എന്തൊരു എനർജിയും മെയ്‌വഴക്കവുമാണ് മോഹൻലാലിനെന്നാണ് ആരാധകർ പറയുന്നത്.

ഫെബ്രുവരി 18 നാണ് ആറാട്ട് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണനാണ് ആറാട്ടിന്റെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നിയാകാ വേഷത്തിൽ അഭിനനിയിക്കുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

https://www.facebook.com/watch/MohanlalFansClub/

ചെന്നൈ: ആരാധകരുടെ ഏറെ നാളെ കാത്തിരിപ്പിനൊടുവിലാണ് അജിത്ത് ചിത്രം വലിമൈ തിയേറ്ററുകളിലെത്തിയത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിവസം തന്നെ ചിത്രം വാരിക്കൂട്ടിയത് റെക്കോർഡ് തുകയാണ്. തമിഴ്നാട്ടിൽ ആദ്യദിനം ചിത്രത്തിന് ലഭിച്ചത് 36.17 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് ആദ്യദിനം റെക്കോർഡ് തുക ലഭിച്ചത് 2021 ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ്.

62 കോടി രൂപയ്ക്കാണ് വലിമൈയുടെ വിതരണ അവകാശം തമിഴ്നാട്ടിൽ വിറ്റുപോയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 3.5 കോടിയ്ക്കും കർണാടകയിൽ 5.5 കോടിയ്ക്കുമാണ് വിതരണ അവകാശം വിറ്റുപോയത്.

എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോ സ് ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയിൻമെന്റ്സാണ് കേരളത്തിലെത്തിക്കുന്നത്.

വലിമൈ ഇന്ത്യയിലെ തന്നെ മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുള്ളത്. മലയാളി താരമായ ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വസ്ത്രധാരണത്തിൽ എപ്പോഴും തന്റേതായ പ്രത്യേകതകൾ കൊണ്ടുവരാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നിത അംബാനി. നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങൾ തയ്യാറാക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥരായ ഫാഷൻ ഡിസൈൻർമാരാണ്. ഒരു മലയാളി പെൺകുട്ടിയും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. മലയാള നടൻ കുഞ്ചന്റെ മകൾ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്സണൽ സ്റ്റൈലിസ്റ്റ്.

വരയ്ക്കാനുള്ള കഴിവാണ് സ്വാതിയെ ഫാഷൻ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. പ്ലസ്ടുവിന് ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ചേർന്ന സ്വാതി കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ഫെമിനയിൽ ഫാഷൻ ഡിസൈനറായി പ്രവർത്തിക്കാൻ ആരംഭിച്ചു.

ലോകത്തെമ്പാടുമുള്ള ഡിസൈനർമാർ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന വസ്ത്രങ്ങളിൽ ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്നത് സ്വാതിയാണ്. തന്റെ ആശയങ്ങൾ കൂടി ചേർത്തായിരിക്കും സ്വാതി നിത അംബാനിയ്ക്ക് വേണ്ടിയുള്ള ഡ്രസുകൾ തെരഞ്ഞെടുക്കുന്നത്. മുംബൈയിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതി താമസിക്കുന്നത്.

ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ട താരമാണ് ശ്രീദേവി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാൽ ശ്രീദേവി എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശ്രീദേവിയ്ക്ക് ആരാധകർ ഏറെയായിരുന്നു.

പണ്ടുമുതൽ തന്നെ മികച്ച പ്രതിഫലം ശ്രീദേവിക്ക് ലഭിച്ചിരുന്നു. 1976 ലെ ‘മൂണ്ട്രു മുടിച്ചു’ എന്ന സിനിമയ്ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. രജനികാന്തിന് അന്ന് കിട്ടിയത് വെറും 2000 രൂപയായിരുന്നു. രജനികാന്തിന്റെ തുടക്കകാലത്തെ സിനിമയായിരുന്നു’മൂണ്ട്രു മുടിച്ചു’.

ദുബായിയിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിൽ 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി അന്തരിച്ചത്. സിനിമാ ലോകത്തിന് ഇന്നും നികത്താനാവാത്ത നഷ്ടമാണ് ശ്രീദേവിയുടെ വിയോഗം. ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നായിരുന്നു ദുബായ് പോലീസ് വ്യക്തമാക്കിയത്.

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകർ. ചിത്രം അണിയറയിൽ ഒരുങ്ങവെ ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസികിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ചർച്ചയായിരുന്നു. തീ മ്യൂസികിന് പിന്നിൽ എ ആർ റഹ്മാൻ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. തിരക്കഥാകൃത്ത് എസ് എൻ സ്വാമിയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

എന്നാൽ, ഇത് ചിത്രത്തിന്റെ സംഗീതസംവിധായകൻ ശ്യാമിനുണ്ടാക്കിയ വേദന എത്രത്തോളമാണെന്ന് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സംഗീത നിരൂപകനായ രവി മേനോൻ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാൾക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘർഷത്തിലാണ് ശ്യാം എന്നാണ് രവി മേനോൻ പറഞ്ഞു. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണരൂപം:

ശ്യാം സാറിന്റെ ഹൃദയത്തിൽ
പിറന്ന സിബിഐ തീം മ്യൂസിക്

സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാൾക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘർഷം ഓർത്തുനോക്കൂ. ആ സംഘർഷം വേദനയോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ് ജീവിതസായാഹ്നത്തിൽ സംഗീത സംവിധായകൻ ശ്യാം.
മലയാള സിനിമയിലെ, ഇന്ത്യൻ സിനിമയിലെ തന്നെ, ഏറ്റവും പ്രശസ്തവും പരിചിതവുമായ സംഗീത ശകലങ്ങളിൽ ഒന്നായ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് താനല്ല എന്ന പുത്തൻ അറിവ് ശ്യാം സാറിനെ ഞെട്ടിക്കുന്നു. ആ മ്യൂസിക്കൽ ബിറ്റിന്റെ യഥാർത്ഥ ശിൽപ്പി തനിക്കേറെ പ്രിയപ്പെട്ട സാക്ഷാൽ എ ആർ റഹ്മാൻ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തുമ്പോൾ എങ്ങനെ തളരാതിരിക്കും പൊതുവെ സൗമ്യനും ശാന്തശീലനുമായ ശ്യാം സാറിന്റെ മനസ്സ്? സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈവെളിപ്പെടുത്തലിനെ കുറിച്ച് കേട്ടും അറിഞ്ഞും അന്തം വിടുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ.

മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങൾ ഞാൻ മറക്കില്ല. ഒരു പക്ഷേ ഞാൻ ചെയ്ത സിനിമാപ്പാട്ടുകളേക്കാൾ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടിയ ഈണമാണത്. ശ്യാം പറയുന്നു. റഹ്മാൻ എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആർ കെ ശേഖറിന്റെ മകൻ. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്മാൻ. ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി…എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്മാൻ ഒരിക്കലും അങ്ങനെ പറയാൻ ഇടയില്ല. 85 വയസ്സ് പിന്നിട്ട ശ്യാം സാറിന്റെ വാക്കുകൾ വികാരാധിക്യത്താൽ ഇടറുന്നു.

ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്ന് കൂട്ടിച്ചേർക്കുന്നു ശ്യാം. ഈ പ്രായത്തിൽ സ്വന്തം സൃഷ്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിക്കേണ്ടി വരുന്നതിന്റെ ഗതികേട് മുഴുവനുണ്ടായിരുന്നു ശ്യാം സാറിന്റെ വാക്കുകളിൽ. ഭാര്യയുടെ വിയോഗത്തിന് ശേഷം മിക്കവാറും ഏകാന്തജീവിതത്തിലാണ് ശ്യാം. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കൈവിട്ടിട്ടില്ല. “ സംഗീതമാണ് എല്ലാ വിഷമങ്ങളും മറക്കാൻ ദൈവം എനിക്ക് തന്നിട്ടുള്ള ഔഷധം. പാട്ടിൽ മുഴുകുമ്പോൾ മറ്റെല്ലാം മറക്കും. പുതിയ ചില ഭക്തിഗാനങ്ങളുടെ സൃഷ്ടിയിലാണ്. ദൈവം അനുവദിക്കുകയാണെങ്കിൽ കുറെ പാട്ടുകൾ കൂടി ചെയ്തു നിങ്ങളെ കേൾപ്പിക്കണം എന്നുണ്ട്. അതിനിടക്ക് ഇതുപോലുള്ള വിവാദങ്ങൾ ഉയരുമ്പോൾ ശരിക്കും വേദന തോന്നുന്നു. ദൈവം എല്ലാ തെറ്റിദ്ധാരണകളും നീക്കട്ടെ എന്ന് മാത്രമാണിപ്പോൾ എന്റെ പ്രാർത്ഥന..”

ഈയിടെ ഇറങ്ങിയ സിനിമാസംബന്ധിയായ ഒരു പുസ്തകത്തിലാണ് സി ബി ഐ ഡയറിക്കുറിപ്പിലെ പ്രമേയസംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമർശമുള്ളത്. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപിന്റെ വിരലുകളിലാണ് ആ ബിറ്റ് ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തുന്നു ഗ്രന്ഥകർത്താവ്. എന്നാൽ തലമുറകൾക്കപ്പുറത്തേക്ക് വളർന്ന ഈ സംഗീതശകലം ശ്യാമിന്റെ സൃഷ്ടിയാണെന്ന് നിസ്സംശയം പ്രഖ്യാപിച്ചിരിക്കുകയാണ് പടത്തിന്റെ സംവിധായകൻ കെ മധു. സി ബി ഐയുടെ അഞ്ചാം പതിപ്പിന്റെ പണിപ്പുരയിലാണിപ്പോൾ അദ്ദേഹം.

സി ബി ഐയിലെ തീം മ്യൂസിക് രൂപമെടുത്ത സന്ദർഭത്തെ കുറിച്ച് ശ്യാം സാറിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ പഴയ കുറിപ്പ് ഒരിക്കൽ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. സംശയനിവാരണത്തിന് വേണ്ടി മാത്രം….

ശ്യാം സാറിന്റെ സേതുരാമയ്യർ CBI

ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകൻ സേതുരാമയ്യരെ കാണാൻ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാൽ മതി.

ഏതാനും നിമിഷങ്ങൾ നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ മുഴുവൻ ശ്രോതാക്കളുടെ മനസ്സിൽ മിഴിവോടെ വരച്ചിടാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എന്നന്നേക്കുമായി. സി ബി ഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോൾ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്ന ഒരു തന്ത്രം അതിൽ ഉൾപ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ. ശ്യാം പറയുന്നു. ഉറക്കത്തിൽ പോലും മലയാളി തിരിച്ചറിയുന്ന സംഗീത ശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. റീറെക്കോർഡിംഗിനായി പടം കണ്ടപ്പോൾ ആദ്യം ശ്യാമിന്റെ മനസ്സിൽ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി ഐ ഡി സിനിമകളിലെപ്പോലെ ആക്ഷൻ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകൾ തലച്ചോറ് കൊണ്ട് ഇഴകീറി പരിശോധിക്കുമ്പോൾ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും.ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്. തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചു നേരം ഒരേ താളത്തിൽ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക് മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്. സേതുരാമയ്യരെ അവതരിപ്പിക്കുമ്പോൾ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?” മോണ്ടി നോർമൻ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകർത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി ബി ഐ സിനിമകളുടെ പിൽക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവർ വേർഷനുകളുടെയും റീമിക്‌സുകളുടെയും രൂപത്തിൽ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.

ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ ഹെൻറി നിക്കോള മാൻചീനി ആയിരുന്നു ഈ പ്രമേയ സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ശ്യാമിന്റെ മനസ്സിൽ. സംഗീതസംവിധാനത്തിലെ കുലപതിമാരിൽ ഒരാൾ. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളിൽ കേട്ട് മനസ്സിൽ പതിഞ്ഞ ഈണങ്ങളുടെ ശിൽപ്പി. “പിങ്ക് പാന്തർ, ഹടാരി, മൂൺ റിവർ, റോമിയോ ആൻഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ മാൻചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോൾ എന്റെ മാതൃക അദ്ദേഹമായിരുന്നു.”– ശ്യാം പറയും.

പ്രിയ സംഗീതസംവിധായകനെ ഒരിക്കലെങ്കിലും നേരിൽ കണ്ടു സംസാരിക്കാൻ മോഹിച്ചിട്ടുണ്ട് ശ്യാം. ലോസ് ഏഞ്ചൽസ് സന്ദർശനത്തിനിടെ ഒരു തവണ അവസരം ഒത്തുവന്നെങ്കിലും നിർഭാഗ്യവശാൽ ആ കൂടിക്കാഴ്ച്ച നടന്നില്ല. മാൻചീനിയുടെ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. എന്നാൽ ആ യാത്രയിൽ ഹോളിവുഡിലെ മറ്റു പല പ്രമുഖ കംപോസർമാരെയും കണ്ടുമുട്ടാനും സംസാരിക്കാനുമായി.

“ആയിരക്കണക്കിന് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികൾ സ്‌നേഹത്തോടെ മനസ്സിൽ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോൾ പുതിയ തലമുറയിലെ കുട്ടികൾ പോലും പെട്ടെന്ന് ഓർത്തെടുത്തു മൂളിക്കേൾപ്പിക്കുക സി ബി ഐ ഡയറിക്കുറിപ്പിന്റെ തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോൾ. മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്ക് വേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാൻ. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളിൽ, ഭാവനകളിൽ മറഞ്ഞുനിൽക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു….” ശ്യാം വികാരാധീനനാകുന്നു.

–രവിമേനോൻ

വിജയ് സേതുപതിയും മാധവനും പ്രധാന വേഷങ്ങളിലെത്തിയ ഹിറ്റ് തമിഴ് ചിത്രം വിക്രം വേധയുടെ ഹിന്ദി റീമേക്കിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ‘വിക്രം’ ആയിട്ടാണ് ഹിന്ദി പതിപ്പിൽ സെയ്ഫ് അലി ഖാൻ വേഷമിടുന്നത്. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ വേദയായി അഭിനയിക്കുന്നത്. തമിഴ് പതിപ്പിന്റെ സംവിധായകരായ പുഷ്‌കർ- ഗായത്രി ദമ്പതികൾ തന്നെയാണ് ഹിന്ദി പതിപ്പിന്റെ സംവിധാനവും നിർവ്വഹിക്കുന്നത്.

എസ് ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര, ഭുഷൻ കുമാർ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റർടെയ്ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമാണം.

വിക്രമിന്റെ ഭാര്യയായി ചിത്രത്തിൽ വേഷമിടുന്നത് രാധിക ആംപ്‌തെയാണ്. ഷരിബ് ഹാഷ്മി, രോഹിത് സറഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റിച്ചാർഡ് കെവിനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. സെപ്തംബർ 30 നാണ് ചിത്രം റിലീസ് ചെയ്യുക.

സിനിമാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. അടുത്തിടെയും ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

നടി രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ടയുടെ വിവാഹം ഉറപ്പിച്ചുവെന്നും ഈ വർഷം തന്നെ വിവാഹം ഉണ്ടാവുമെന്നുമായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. സംഭവത്തിന് പിന്നാലെ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

പതിവുപോലെ അസംബന്ധം എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാർത്ത എന്തെന്ന് എടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ മുൻപും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇരുവരും നൽകുന്ന മറുപടി. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും മികച്ച പ്രണയ ജോഡികളായത്.