അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഓണക്കാലത്ത് സർക്കാർ സഹായം; എക്സ്ഗ്രേഷ്യ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാർ ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. അരിവിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. 3.30 കോടി രൂപയാണ് ഇതിനായി ലഭ്യമാക്കിയത്. ഇതോടെ ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽ നിന്ന് 2250 രൂപയുടെ സഹായം ലഭിക്കും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഒരുവർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്. 2250 രൂപ തൊഴിലാളികൾക്ക് ഓണത്തിന് മുൻപ് തന്നെ വിതരണംചെയ്യും. സർക്കാർ തീരുമാനം ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ ഓണക്കാലത്തും ആശ്വാസമാവും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് എല്ലാക്കൊല്ലവും ഓണക്കാലത്ത് സഹായം എത്തിക്കാറുണ്ട്. ഈ സഹായം ഇത്തവണയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.