ഹേമ കമ്മിറ്റി റിപ്പോർട്ട്; വേട്ടക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാലര വർഷം മുൻപ് കിട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അന്ന് വായിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ നിയമ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പോക്സോ ഉൾപ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വച്ച് ഒരു സിനിമ കോൺക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോൺക്ലേവാണോ നടത്തേണ്ടത്. ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്. ചൂഷണം അവസാനിപ്പിക്കാൻ നടപടി ഇല്ലെങ്കിലും സിനിമ കോൺക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. നാലര വർഷം റിപ്പോർട്ടിന് മേൽ അടയിരുന്ന സർക്കാരും മുഖ്യമന്ത്രിയും ക്രിമിനൽ കുറ്റമാണ് ചെയ്തത്. ക്രിമിനൽ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സർക്കാർ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഏത് പരുന്താണ് സർക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും മേൽ പറക്കുന്നത്. കേസെടുക്കാൻ പുതുതായി പരാതി നൽകേണ്ട കാര്യമില്ല. ഇത്രയും വലിയൊരു പരാതിയുടെ കൂമ്പാരം നാലരക്കൊല്ലമായി സർക്കാരിന്റെ കയ്യിൽ ഇരിക്കുകയല്ലേ. എന്നിട്ടും സർക്കാർ അത് മറച്ചുവച്ചു. സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുറ്റകൃത്യം അന്വേഷിച്ചേ മതിയാകൂ. വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.