വയനാട് ദുരന്തം: വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

വയനാട്: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ കുട്ടികളെ നൽകുന്നുണ്ട് എന്ന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ വി നായർ ഐഎഎസിനോട് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ നിർദ്ദേശം നൽകി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവർത്തനം, മറ്റു ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ ചെക്ക്ലിസ്റ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കണം. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാൻ മന്ത്രി നിർദേശം നൽകി. കുട്ടികൾക്ക് വാക്സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗർഭിണികൾക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി. ആവശ്യമായവർക്ക് സ്‌കാനിംഗ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കി. ക്യാമ്പികളിൽ പനിയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നു. രക്ഷാപ്രവർത്തകർക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. 640 പേർക്ക് സൈക്കോസോഷ്യൽ പിന്തുണ നൽകി. കുട്ടികൾക്കുള്ള മാനസിക പിന്തുണാ പരിപാടിയും ആരംഭിച്ചു. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയാനായി ഡിഎൻഎ സാമ്പിൾ കളക്ഷൻ ആരംഭിച്ചു. 49 സാമ്പിളുകൾ ശേഖരിച്ചു. മാനസികാരോഗ്യ പ്രോട്ടോകോൾ പാലിച്ചാണ് സാമ്പിൾ ശേഖരിക്കുന്നത്.

മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി 129 ഫ്രീസറുകൾ അധികമായുണ്ട്. 221 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 380 പോസ്റ്റുമോർട്ടങ്ങൾ നടത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.