വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായെടുക്കണം. ആവശ്യമെങ്കിൽ താത്ക്കാലികമായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകി. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണം. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായമായി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ എത്തിച്ചേരാൻ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലൻസിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റേഷൻകടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെയും സമീപജില്ലകളിലെയും സപ്ലൈകോ-ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.