പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളായി. ഇതിനാൽ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.
പകൽ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ല. ഇക്കാര്യം സർക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതൽ ചർച്ചകൾക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

