ന്യൂഡൽഹി: ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്ന് എ എ റഹീം എംപി. ജിയോ, എയർട്ടൽ അടക്കമുള്ള സേവനദാതാക്കൾ 15 മുതൽ 20% വരെ നിരക്കുകളാണ് താരിഫ് പ്ലാനുകളിൽ വർദ്ധിപ്പിച്ചത്. സാധാരണക്കാരെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ സേവനങ്ങൾ ഇന്ന് ഒരു ആഡംബരമല്ല. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മൊബൈലിനെ ആശ്രയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡാനന്തര സാമ്പത്തിക ബുദ്ധിമുട്ടുകളും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെവർക്ക് മേൽ വീണ്ടും ഭാരം അടിച്ചേൽക്കുകയാണ് സ്വകാര്യ കമ്പനികൾ. കേന്ദ്ര സർക്കാർ നയം തിരുത്തി സ്വകാര്യ കമ്പനികളുടെ ഈ നടപടികളിൽ നിയന്ത്രണം ഏർപ്പെടുത്തണം. താരിഫ് വില നിയന്ത്രിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും മറ്റ് മൊബൈൽ സേവനങ്ങളും ലഭ്യമാക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തണമെന്നും റഹീം ആവശ്യപ്പെട്ടു.

