ബെംഗളൂരു: പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിക്കുകയും ചെയ്തു. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയത്.
വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. 2018ൽ ഇരുവരും പ്രണയബന്ധത്തിൽ നിന്നും അകന്നു. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകുകയും ചെയ്തു. തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നൽകിയത്. ഇതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗമായാണ് കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത്.

