സ്വർണ്ണം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ എത്ര സ്വർണ്ണം വീട്ടിൽ സൂക്ഷിക്കാമെന്ന കാര്യം സംബന്ധിച്ച് നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. ആവശ്യമുള്ളത്ര അളവിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയിൽ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്.
എന്നാൽ, നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സ്വർണം വാങ്ങിയ പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിൽ ചില പരിധിയുണ്ട്.
ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കിൽ 500 ഗ്രാം വരെ സ്വർണം വീട്ടിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം സൂക്ഷിക്കാം. പുരുഷന്മാർക്ക് 100 ഗ്രാം സ്വർണമാണ് രേഖകൾ ആവശ്യമില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്നത്.
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വർണത്തിനും നികുതി നൽകേണ്ടതില്ല.

