പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. മുരുകൻ, കാക്കൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നാലു ദിവസം മുൻപ് ഊരിലേയ്ക്ക് പോയതാണ് ഇരുവരും. പുതൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാർ വഴിയായിരുന്നു ഇവരുടെ യാത്ര. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാൻ. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകൻ വീട്ടിലേക്ക് പോയത്.
നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെ പോലീസും വനംവകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. ഊരിൽ കൃത്യമായ മൊബൈൽ നെറ്റ്‌വർക്കില്ല. അതുകൊണ്ട് തന്നെ മുരുകൻ വീട്ടിലെത്തിയോ എന്ന് പോലീസിന് അറിയില്ലായിരുന്നു. തുടർന്നാണ് ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടത്.
വനംവകുപ്പും പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് രണ്ട് ഭാഗങ്ങളിൽ നിന്നായി ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്. അട്ടപ്പാടിയിൽ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ പരകാർ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഈ പുഴയിൽ പെട്ടായിരിക്കും ഇവരുടെ മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

