തനിനിറം ഒരു ഓര്‍മയിലൂടെ

john paul puthusery

John paul puthusery

കലാനിലയം കൃഷ്ണൻ നായരുടെ വ്യക്തിസത്തയുടെ സ്വഭാവ പ്രകൃതം പടവെട്ടി പടപൊരുതി മുന്നോട്ട് കുതിക്കുക എന്നുള്ളതായിരുന്നു . തനിനിറം എന്ന ഒരു പത്രം അദ്ദേഹം ആരംഭിച്ചു, ആ കാലഘട്ടത്തിലെ മാധ്യമ സംസ്കൃതിയിൽ പലരെയും അമ്പരപ്പിച്ചു കൊണ്ട് പലരുടെ മേലും മേധാവിത്വത്തിന്റെ പതാക ഉയർത്തി കൊണ്ട് തങ്ങൾ തന്റെ തായ വഴിയിലൂടെ തേർവാഴ്ച നടത്തിയ മാധ്യമ പ്രസ്ഥാനമാണ് തനിനിറം. കലാനിലയം കൃഷ്ണൻ നായർക്ക് തനിനിറം കൃഷ്ണൻ നായർ എന്ന ഒരു വിശേഷണം കൂടി ഉണ്ടായി അതിന്റെ പേരിൽ. തനിനിറത്തിൽ ഒരു വാർത്തയോ ഫീച്ചറോ വന്നാൽ അത് ഗുണം വശത്തോടാവട്ടെ ദോഷവശത്തോടാവട്ടെ തങ്ങളെ ബാധിക്കുമെന്ന് ഉൽക്കണ്ഠയും, ഭീ തിയും വായനക്കാർക്കിയിലും സാമൂഹ്യനേതാക്കൾക്കിടയിൽ ഉണ്ടായി എന്നു പറയുമ്പോൾ ആ മാധ്യമ സംസ്കാരത്തിന്റെ രീതികൾ എന്തായിരുന്നാല്‍‌ പോലും ആ കാലഘട്ടത്തിൽ തനി നിറത്തിന് വേറിട്ട അസ്ഥിത്വം ഉണ്ടായി എന്ന യാഥാർത്ഥ്യത്തിലേക്ക് തന്നെയാണ് അത് വിരൽചൂണ്ടുന്നത്. പലരും ആ പാത പിന്തുടരാൻ ശ്രമിച്ചെങ്കിലും അവർക്കാർക്കും തനിനിറത്തിന് കഴിഞ്ഞതുപോലെ പിടിച്ചു നിൽക്കാനോ ആ സാന്നിധ്യം കൊണ്ട് ഒരു ചാട്ടവാർ പോലെ ചുഴറ്റി വീശി സമൂഹത്തെ അമ്പരപ്പിക്കാനൊ കഴിഞ്ഞില്ല. ദീർഘമായ ഒരു ആമുഖത്തിന് ഞാൻ കുതിക്കുന്നില്ല. തനിനിറം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. അവർക്ക് സ്നേഹാശംസകൾ അർപ്പിക്കുക എന്നുള്ളത് മാത്രമാണ് ഇനി എനിക്ക് കുറിച്ചിടാനുള്ള വാക്കുകളുടെ ലക്ഷ്യം.

ദീർഘമായ ഒരു മുൻനിരക്ക് മുതിരുന്നില്ല. തനിനിറം, തനിനിറം ഹെഡ്‍ലൈൻസ്എന്നപേരിൽ പുനരാരംഭിക്കാനുള്ള ഒരു ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. അന്ന് തനിനിറം ഇറങ്ങിയപ്പോൾ ഉള്ള മാധ്യമം പ്രകൃതമല്ല ഇന്നുള്ളത്. അന്നത്തെ വായനക്കാർ അല്ല ഇന്നത്തെ വായനക്കാർ. അന്നുണ്ടായിരുന്ന സഹപ്രവർത്തകരായ മാധ്യമങ്ങൾ അല്ല ഇന്ന് നേരിടേണ്ടിവരുന്ന സഹപ്രവർത്തകർ. അന്നത്തെ മാത്സര്യം അല്ല ഇന്ന് നേരിടേണ്ടിവരുന്ന മാത്സര്യം. കാലം മാറിയിരിക്കുന്നു സാങ്കേതികത മാറിയിരിക്കുന്നു. ഒരു മാധ്യമത്തിന്റെ സ്വീകാര നിരാകാര ആധാന പ്രകൃത രീതികൾ വല്ലാതെ മാറിയിരിക്കുന്നു. അച്ചടി പുരണ്ടു വന്ന അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുന്ന ഒരു പത്രം ഇന്ന് അരങ്ങുവാഴുന്നില്ല. അങ്ങനെ അല്ലാതെയും ഓൺലൈനിലൂടെ ആളുകളിലേക്ക് പത്രം എത്തുന്നു. അത് വായിച്ചെടുക്കുന്ന രീതികൾ മാറുമ്പോൾ വായിച്ചെടുക്കുന്ന സമയങ്ങൾ മാറുമ്പോൾ രാവിലെ പ്രഭാത പത്രത്തിനു വേണ്ടി കാത്തിരുന്ന ആളുകളുടെ നിര കുറയുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് നമുക്കും നെറ്റിലൂടെ ഏത് പത്രം വേണമെങ്കിലും ഡൗൺലോഡ് ചെയ്ത് വായിക്കാം. വാർത്തകളുടെ വരവ് വായനക്കാരനിൽ സമൂഹത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ രസതന്ത്രങ്ങൾ വരെ അപ്പോൾ മാറ്റങ്ങൾ സംഭവിക്കുകയാണ്. അങ്ങനെ മാറുന്ന മാറിയ ഒരു പാരിസ്ഥിതിയോടു ചേർത്ത് അതിനോട് അനുപാകപ്പെടുത്തി വേണ്ടിയിരിക്കുന്നു ഒരു പുതിയ മാധ്യമത്തിന്റെ ചുവടുവയ്പുകൾ. പുതിയ മാധ്യമമെന്നുള്ളത് ഞാൻ അടിവരയിട്ട് പറയുകയാണ്. ഒരിക്കൽ കൂടി പറയട്ടെ അന്നത്തെ തനിനിറത്തിനല്ല ഇന്നിവിടെ പ്രസക്തി. ഇന്നത്തെ തനിനിറത്തി നാണ്. തനിനിറം ഹെഡ്‍ലൈൻസ് ആ യാഥാർഥ്യം തിരിച്ചറിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അന്ന് തനിനിറം സമീപിച്ച, കൈകൊണ്ട നിലപാടുകളല്ല ഇവിടെ വിലപ്പോകുകയും ആദരിക്കപ്പെടുകയും ചെയ്യുക എന്നുള്ള തിരിച്ചറിവ് ഇന്നിതിന് ചുക്കാൻ പിടിക്കുന്നവർക്ക് ഉണ്ടെന്ന് തന്നെ ഞാൻ കരുതുന്നു. അവരെ അതോർമ്മപ്പെടുത്താൻ കലാനിലയം കൃഷ്ണൻനായരെന്ന്‌ പറയുന്ന വ്യക്തിയുടെ ആത്മസത്ത അവരുടെ മനസ്സിൽ പ്രകോപനവും, പ്രചോദനവുമായി കുടികൊള്ളട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഒരു തിരുത്തൽ ശക്തിയാകുക എന്നുപറയുന്നത് വളരെ വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. വളരെ വളരെ പ്രസക്തമായ ഒരു കാര്യമാണ്. പക്ഷെ തിരുത്തുക എന്നുപറയുന്നത് അതാത് കാലഘട്ടത്തോട് ചേർത്ത് വളരെ ആപേക്ഷികമായിട്ട് മാത്രമേ നമുക്ക് അതിനെ നിർവചി ക്കുവാനാകൂ. തിരുത്തൽ ശക്തി യാകാൻ കഴിയാത്ത ഒരു മാധ്യമ സൃഷ്ടിക്ക് മാധ്യമ പ്രതിഭയ്ക്ക് ഇനി ഇവിടെ വലിയ പ്രസക്തിയില്ല. ഒരു ഭാഷക്ക് താങ്ങാവുന്നതിലേറെ മാധ്യമങ്ങൾ ഇവിടെ ഉണ്ട്. അതിനിടയിൽ പഴയ തനിനിറം പൊടിതുടച്ചു കൊണ്ടുവന്ന് പഴയവഴക്കത്തിൽ വീണ്ടും ആവർത്തിക്കുവാനാകില്ലാ ഈ ശ്രമം എന്നെനിക്ക് ഉറപ്പുണ്ട്. പുതിയ കാലഘട്ടത്തിൽ ഈ സമൂഹത്തിന്റെ സാക്ഷാൽ നിറം തനിനിറം ആയി കാണിച്ചുകൊണ്ട് അതിലേക്ക് വായനക്കാരനെ കൂടി
സഹരചയിതാവും, അന്വേഷകനും പങ്കാളിയുമായി കൂടെ നിർത്തിക്കൊണ്ട് അവിടെ വേണ്ട തിരുത്തലുകൾ എന്തെന്ന് അവനും കൂടി ചേർന്ന് തിരിച്ചറിയുന്ന വിധത്തിൽ വേണം ഇന്നൊരു തിരുത്തൽശക്തിക്ക് ഇവിടെ കടന്നുവരാനും നിലനിൽക്കാനും. അങ്ങനെയുള്ള ഒരു പ്രസിദ്ധീകരണത്തിന് നിലവിലുള്ള മറ്റ് പ്രസിദ്ധീകരണത്തെക്കാളും കൂടുതൽ പ്രസക്തി ഉണ്ടാകാവുന്ന കാലമാണിത്. നമ്മുടെ സമൂഹം അത്തരത്തിലുള്ള ഒരു തിരുത്തൽശക്തിയുടെ കടന്നുവരവിന് വേണ്ടി മറ്റെന്നു മല്ലാത്ത വിധം കൊതിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതിനുള്ള ഒരു സ്പേസ് ഇവിടെയുണ്ട്. ആ സ്പേസിലേക്ക് ആകട്ടെ തനിനിറം ഹെഡ്‍ലൈൻസ് നടന്നു കയറുന്നത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ കടന്നുവരാൻ കഴിഞ്ഞാൽ മറ്റു മാധ്യമങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്ന ഒരു സന്ദർഭം ഇവിടെ സംക്ഷിപ്തം ആകും. ഒരു അവസരം ഉണ്ടാകും, ഒരു ഊഴം ഉണ്ടാകും. അത് പിടിച്ചടക്കുമ്പോഴേ തങ്ങളുടെ പൈതൃകത്തോട് ഇന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന തേരാളികൾക്ക് നീതിപുലർത്താൻ ആകൂ ആ വഴിക്ക് ആകട്ടെ അവരുടെ ചിന്ത.

കലാനിലയം കൃഷ്ണൻ നായർ എന്ന പേര് ശ്രദ്ധയിൽപ്പെടുന്നത്, കലാനിലയം നാടക ട്രൂപ്പിന്റെ മെഗാ നാടകങ്ങളുടെ അവതരണങ്ങളിലൂടെയാണ്‌. ഞാൻ വിദ്യാർത്ഥിയായിരുന്ന നാളുകളിൽ എറണാകുളത്തെ മുല്ലശ്ശേരി കനാൽ റോഡിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനോടടുത്തു എസ്എൻഡിപി മന്ദിരത്തിന് അനുബന്ധമായുള്ള ഒരു ഗ്രൗണ്ടിൽ കൊട്ടക കെട്ടി കലാനിലയം നാടകം കളിച്ചിരുന്നത് കാണാൻ പോയിരുന്നു. പിന്നെ മണപ്പാട്ടി പറമ്പിൽ നാടകം കളി ക്കുമ്പോഴും ഞാൻ അവിടെ കാണാൻ പോയിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന വിഭ്രമിപ്പിക്കുന്ന നാടക ജാലം എന്നാണ് അത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുള്ളത്. അങ്ങനെ ഒന്ന് ഒരുപക്ഷേ തമിഴകത്തോ തെലുങ്ക് നാട്ടിലൊ ഒക്കെ ഉള്ള വീരസാഹസിക നൃത്ത സംഗീത നാടകങ്ങളുടെ പെരുമഴയുടെ കൂട്ടത്തിൽ എങ്ങാനും ഈ നാട്ടിൽ വന്നു പോയിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു നാടക വഴി തെളിച്ചെടുത്തത് കലാനിലയം കൃഷ്ണൻ നായർ ആയിരുന്നു.

നാടകം അദ്ദേഹം വളരെ മുമ്പേ ആരംഭിച്ച ഒരു വ്യാപനമാണ്.തുടക്കകാലത്തൊക്കെ പരാജയങ്ങളായിരുന്നു ഏറെയും. പക്ഷെ തളർന്നില്ല. പിന്നീട് വിജയങ്ങളുടെ പെരുമഴ വർഷിച്ചപ്പോഴും അതിൽ മതി മറന്നുമില്ല. നാടകം അദ്ദേഹത്തിനൊരു ബിസിനസ്‌ ആയിരുന്നില്ല. ഒരു വികാരം ആയിരുന്നു. വിജയ പരാജയങ്ങൾ ക്ക്‌ മാറ്റ് കുറക്കാനും, കൂട്ടാനും ആവാത്തവിധം അദ്ദേഹത്തെ നാടകത്തോട് ചേർത്ത് നിർത്തിയത് നാടക പ്രവർത്തനത്തിൽ അഭിഭാജ്യമായ സാഹസികത എന്ന പ്രതിഭാസമാണ്. നാടകത്തിൽ മാത്രമല്ല സിനിമയിലും മാധ്യമരംഗത്തുമെല്ലാം അദ്ദേഹം നിരധനായപ്പോഴും പ്രേരകം ഈ സാഹസികതയോടുള്ള ഒടുങ്ങാത്ത ഭ്രമം ആയിരുന്നു. ഇരിക്കുന്ന ഓരോ നിമിഷവും അതിലെ ത്രില്ല് ആസ്വദിച്ചുകൊണ്ട് അതിന്റെ ലഹരിയിൽ മുന്നോട്ടുകുതി ക്കുവാൻ വേണ്ടി പിറന്ന ജന്മം ആയിരുന്നു കലാനിലയം കൃഷ്ണൻ നായരുടേത് എന്നാണ് ആ ജീവിതത്തിന്റെ പുനർവായന നമ്മളെ ബോധ്യപ്പെടുത്തുന്നത്.

കാവാലം നാരായണപ്പണിക്കരുടെ കുരുക്ഷേത്രം എന്ന ബാലെ
പാപ്പനംകോട് ലക്ഷ്മണന്റെയും സഹോദരന്റെയും പിന്തുണ യോടെ സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ടാണ് ഒരു സ്ഥിരം നാടകവേദിയിലേക്ക് കടക്കുന്നെതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അവര് ആ —–അവതരിപ്പിച്ചിട്ടുള്ള നാടകങ്ങൾ രക്തരക്ഷസ്സ്, കായങ്കുളം കൊച്ചുണ്ണി, കടമറ്റത്തു കത്തനാർ അങ്ങനെ നിരവധി നാടകങ്ങൾ അവയെല്ലാം spectacular ആയിരുന്നു.

കാഴ്ച ഭംഗി കൊണ്ടും കാഴ്ചയിലെ അപൂർവ്വതകൾ കൊണ്ടും ഈ നാടകങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഉണർവ്വോടെ അല്ലാതെ പ്രേക്ഷകന് ഈ നാടകങ്ങൾ കാണുവാൻ ആകുമായിരുന്നില്ല. അതിനവരെ പ്രേരിപ്പിക്കുന്ന ചേരുവകൾ നിർലോഭം അദ്ദേഹം ഇടചേർത്തു പോന്നിരുന്നു. നാടക ചരിത്രത്തിന്റെ ഭാഗമായി പുനർവായിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കലാനിലയം കൃഷ്ണൻനായരുടെ ഏറ്റവും ശ്രേഷ്ഠമായ സംഭാവനയായി ഞാൻ കാണുന്നത് ഈ സ്ഥിരം നാടക വേദിയോട് അനുബന്ധ മായി ആദ്ദേഹം ഇടചേർത്ത അല്ലെങ്കിൽ ഒരിക്കൽ മാത്രം പ്രത്യക്ഷമായി വളരെ വളരെ ഗുണകരം എന്ന് അനുഭവം തെളിയിച്ചിട്ടും തുടർച്ച ഇല്ലാതെ അന്യം നിന്നുപോയ ഒരു സ്നേഹ സാഹോദര്യ പാരസ്പര്യത്തിനു പുനരാരംഭം കുറിച്ച ഒരു പ്രവർത്തിയിലൂടെയാണ്.

തുടർച്ചയായി നാടകങ്ങൾ ഉള്ളപ്പോഴും നാടക കലാകാരൻമാർ വരുന്നു, നാടകത്തിൽ പ്രവർത്തിക്കുന്നു, പ്രതിഫലം വാങ്ങുന്നു, അതിൽ പലതും ബുദ്ധി മോശം മൂലം പലവഴിക്കും നഷ്ടപ്പെട്ട് ചോർന്നു പോകുന്നു. ഒരോഹരി കുടുംബത്തെത്തുന്നു. നാടകം ഉള്ളപ്പോൾ ജീവിതം മുന്നോട്ടുപോകുന്നു. നാടകം ഇല്ലാത്തപ്പോൾ കൂരിരുട്ടുമാത്രം. ഇങ്ങനെ അരക്ഷിതാവസ്ഥ താണ്ഡവമാടുന്ന ഒരു കാലഘട്ട മായിരുന്നു നാടകകലാകാരന്മാരുടെ ജീവിത ധ്യാനം എന്ന് പറയുന്നത്. അവിടെ അവർക്ക് സകുടുംബം പതിവായി നാടകം കളിക്കുന്ന കൊട്ടകയോട് ചേർന്ന് താമസസൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പ്രതിമാസ ശമ്പളം നൽകുകയും ചെയ്യുന്ന ഒരു വ്യവസ്ഥ നമ്മുടെ നാടകവേദിയിൽ ആദ്യമായി പരീക്ഷിച്ചത് വി.എസ്. ആൻഡ്രൂസും,പി ജെ ചെറിയാൻ മാസ്റ്ററുമാണ്. ആദ്യം ,പി ജെ ചെറിയാന്റെ നാടകട്രൂപ്പിലാണ് അങ്ങനെ ഒരു പരീക്ഷണം ആദ്യ മായി നടന്നത്. അത് നാടക കലാകാരന്മാർക്ക് നൽകിയ ഒരു
സുരക്ഷിതത്വം എന്നുപറയുന്നത് വളരെ വലുതായിരുന്നു. പക്ഷെ
ചെറിയാൻ മാസ്റ്ററുടെ നാടകട്രൂപ്പ്പ്രവർത്തനം അവസാനിപ്പിച്ചതോടുകൂടി മലയാളനാടക വേദിയിൽനിന്ന് ആ സമ്പ്രദായം എങ്ങനെയോ അന്യം നിന്നുപോയി. അത് പുനരാരംഭിച്ചത് കലാനിലയം നാടകവേദിയാണ്. കലാകാരന്റെ ജീവിതത്തെകുറിച്ചുള്ള സ്നേഹകരുതൽ ഒരു നാടകഉടമ കാണിക്കുന്നു, അതും കച്ചവടത്തിൽ യാതൊരുവിധ ത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറാകാതിരുന്ന നാടക പ്രകൃതമുള്ള ഒരു നാടക ട്രൂപ്പുടമ കാണിക്കുന്നു എന്ന് പറയുന്നത്
ബെനവലന്റ് ലോർഡ് എന്ന് ഒരു പക്ഷെ നമ്മൾ രാഷ്ട്രമീമാംസയുടെ പന്ഥാവിൽ കുറിച്ചിടാവുന്ന വിധത്തിലുള്ള ഒരു വിശേഷണത്തിന് കലാനിലയം കൃഷ്ണൻനായരെ അർഹനാക്കുന്നതാണ്. നാടകവേദിക്ക് അദ്ദേഹം നൽകിയ
ഏറ്റവും ശ്രേഷ്ഠമായ സംഭാവന നാടകകാരന്റെ ജീവിതത്തെ കുറിച്ചും അതിലെ സുരക്ഷിതത്വത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കരുതലും അതിനെ ഒരു സമ്പ്രദായമാക്കി മലയാളനാടക വേദിയിൽ ഇഴ ചേർക്കുന്നതിന് അദ്ദേഹം കാണിച്ച
അതിലും സാഹസികതയുണ്ട് ആ ഒരു പ്രതിബദ്ധതയുമാണ്.

മുൻപെ സൂചിപ്പിച്ചതുപോലെ വെല്ലുവിളികളെ നേരിട്ട് കൊണ്ടുള്ള ഒരു കുതിപ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തിരിച്ചടികൾ ഉണ്ടായപ്പോഴൊന്നും തളരാതെ മുന്നോട്ട് കുതിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ലഹരി. അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്നു. കൂടുതലും പരാജയങ്ങളാണ് അദ്ദേഹത്തിനവിടെ നേരിടാൻ കഴിഞ്ഞത്. പക്ഷെ സാധാരണഗതിയിൽ മറ്റാരും ധൈര്യപ്പെടാത്ത അത് വന്നു ഭവിക്കുന്നത് ഗുണത്തിനായിട്ടോ ദോക്ഷത്തിനായിട്ടോ എന്നത് രണ്ടാമത്തെ വശം. സാധാരണ ഗതിയിൽ മറ്റു പലരും ധൈര്യപ്പെടാത്ത ഒരുങ്ങാത്ത വഴിയെ സഞ്ചരിക്കുന്നതിൽ അദ്ദേഹം കാണിച്ചുപോന്ന ഒരുചങ്കൂറ്റമുണ്ട്. ഉദാഹരണത്തിന്‌ എന്റെ പ്രിയ സുഹൃത്തുകൂടിയായിരുന്ന മുരളി മൂവീസ് രാമചന്ദ്രൻ എന്ന നിർമാതാവ് ഒരു പുതിയ സംവിധായകനെ വച്ച് ഒരു ചിത്രം നിർമിച്ചു. അതിന്റെ പ്രമേയം വളരെ വ്യത്യസ്തമായിരുന്നു. വലിയ താരങ്ങളെല്ലാം അതിലണിനിരന്നു. എന്നാൽ ചിത്രത്തിന് വല്ലാത്ത പ്രത്യേകത ഉണ്ടായിരുന്നു. ആ ചിത്രത്തെ പ്രദർശനത്തിന് എത്തിക്കുവാൻവേണ്ടി കേരളത്തിലെ എല്ലാ വിതരണക്കാരെയും അവർ സമീപിച്ചു. അവരെല്ലാം അതിനു തയ്യാറാകാതെ ഒഴിവാക്കുകയായിരുന്നു ചെയ്തത്. എന്നാൽ ചിത്രം കണ്ട കലാനിലയം കൃഷ്ണൻനായർക്കുതോന്നി ഇതിലൊരു സംവിധായകന്റെ തിരപ്പുറപ്പാടുണ്ട്. ആ സംവിധായകൻ മലയാളസിനിമ കീഴടക്കാൻ നിയോഗിക്കപെട്ടവനാണ്. ഒപ്പം ഈ ചിത്രം മലയാളികൾ കാണേണ്ട ചിത്രവുമാണ്. അങ്ങനെയാണ്‌ ഐ വി ശശി എന്ന സംവിധായകൻ മലയാളസിനിമയിലേക്ക് കടന്നു വന്ന — ഉത്സവം –എന്ന ചിത്രം മലയാള പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതൊരു ചെറിയ സംഭാവന അല്ല.

മാധ്യമത്തിന്റെ കാര്യമെടുത്താൽ ഉദ്ബോധനങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെയാണ്, ആസ്വാദകനെയാണ്, അനു കർത്താവിനെയാണ് ഇന്ന് ഒരു പത്രത്തിന് ആവശ്യം. അവന് ദിശാ മുഖം ചൂണ്ടിക്കാണിക്കുന്നു എന്നു പറയുന്നത്, അവനിൽ ജനിപ്പിച്ചെ ടുക്കുന്ന ഒരു വിശ്വാസത്തിലൂടെ അവനോടൊപ്പം ചേർന്ന് സഞ്ചരിച്ചുകൊണ്ട് അവൻ പോകേണ്ട ദിശ ഏതെന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്ന പാകത്തിൽ പത്രം അതിന്റെ സംസ്കൃതിയെ മിനുക്കി എടുക്കുക, പരിപാകപ്പെടുത്തുക എന്നുള്ളതാണ്. അതിലാണ് ക്രിയാത്മകമായ ഒരു പ്രസക്തി ഉണ്ടാവുക. അങ്ങനെ ഒരു പ്രസക്തി സ്ഥാപിച്ചെടുക്കുവാൻ തനിനിറം ഹെഡ്‍ലൈൻസിന്‍റെ ഈ പുനരാരംഭത്തിന് കഴിയട്ടെ എന്നും ഞാൻ ആഗ്രഹിക്കുന്നത്. മാധ്യമ വൃത്തിയോടും വൈകാരികമായ ഹൃദയ ഐക്യം ഉള്ള ഒരു വ്യക്തി എന്നുള്ള നിലയിലും കലാനിലയത്തിൽ പാരമ്പര്യത്തെ ആദരിക്കുന്ന ഒരു ആസ്വാദകൻ എന്ന നിലയിലുമാണ്. എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ ആശംസകളും, അഭിവാദനങ്ങൾ ഞാൻ സസന്തോഷം അർപ്പിക്കുന്നു.

John paul puthusery